അമരവിള പഴയപാലം സംരക്ഷിക്കണം

Tuesday 30 December 2025 1:02 AM IST

നെയ്യാറ്റിൻകര: കാലപ്പഴക്കം കാരണം നദിയുടെ മൂലയിൽ ഒതുങ്ങിപ്പോയ പഴയപാലം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. എറണാകുളം-കന്യാകുമാരി ദേശീയപാതയിൽ നെയ്യാറിന് കുറുകെയുള്ള അമരവിളപ്പാലമാണ് സർക്കാർ ഉപേക്ഷിച്ച് സമാന്തരമായി പുതിയ പാലം പണിതത്. പിന്നീട് ദേശീയപാത സംസ്ഥാന പാത 66 ആയി. ഇപ്പോഴും ചില വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാറുണ്ടെങ്കിലും പാലത്തിന് വലിയ കേടുപാടുകൾ പറ്റിയിട്ടില്ല.

ചരിത്രം

ബ്രിട്ടീഷ് സർക്കാർ പണിതതാണ് ഈ പാലം. ദീർഘകാലം ഇതിലൂടെ ഗതാഗതം സുഗമമായി നടത്തിയിരുന്നു. "ദേശീയപാതയിൽ കുലുങ്ങുന്ന പാലം" എന്ന തലക്കെട്ടോടെ 1992ൽ കേരളകൗമുദിയുടെ ജനറൽ പേജിൽ പ്രസിദ്ധീകരിച്ച വാ‌ർത്തയെ തുട‌ർന്ന് പി.ഡബ്ലു.ഡി അധികൃതർ പരിശോധിച്ച് പുതിയ പാലത്തിന് നിർദ്ദേശം നൽകിയതോടെയാണ് 1995ൽ പുതിയ പാലം യാഥാ‌ർത്ഥ്യമായത്. ഇപ്പോൾ ഗതാഗതം പൂർണമായും പുതിയ പാലം വഴിയാണ്. നാഗർകോവിൽ- തിരുവനന്തപുരം റൂട്ടായതിനാൽ ഭാരമേറിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്നത് പുതിയ പാലം വഴിയാണ്.

പഴയ പാലം

ഗൃഹാതുര ഓ‌ർമ്മകൾ ഉണർത്തുന്ന അമരവിളയിലെ പഴയ പാലം സംരക്ഷിച്ച് "നൈറ്റ് ലൈഫിന്" വഴിയൊരുക്കണമെന്നാണ് ആവശ്യം. തലസ്ഥാനത്ത് മ്യൂസിയത്തിനും മാനവീയം പാതക്കുമിടയിലെ റോഡരിക് നൈറ്റ് ലൈഫായി ഉയർത്തിയതോടെ ഇവിടെ രാത്രികാലം സജീവമാണ്. ധാരാളം തട്ടുകടകളും മറ്റ് താത്കാലിക വ്യാപാര സ്ഥാപനങ്ങളും ഇവിടെ ഒരുക്കാനാകും.

നദീതടങ്ങളിലെ പ്രദേശങ്ങൾ സൗന്ദര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച് നഗരസഭക്ക് ഈ പാലവും പരിസരവും ശുചീകരിക്കാൻ കഴിയും. ഇരിപ്പിടവും മരത്തണലുമൊരുക്കിയാൽ പ്രഭാത-സായാഹ്നസവാരിക്കാ‌ർക്ക് അനുഗ്രഹമാകും.

നൈറ്റ് ലൈഫ് യാഥാർത്ഥ്യമായാൽ വഴിയോര കച്ചവടക്കാ‌ർക്കും ഗുണമേറെയാണ്. ഇപ്പോൾ ഇവിടം മാലിന്യമയമാണ്.