നെയ്യാറിൽ മാലിന്യം കുന്നുകൂടുന്നു
ഉദിയൻകുളങ്ങര: നെയ്യാറിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. നെയ്യാറ്റിൻകരയിലെ നഗരമാലിന്യങ്ങൾ മുഴുവൻ വഹിക്കേണ്ട ഗതികേടിലാണ് നെയ്യാർ ഇപ്പോൾ. മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നെയ്യാറിന്റെ ഒരു ഭാഗത്തടിഞ്ഞ് ഒഴുകിപ്പോകാൻ കഴിയാതെ ചീഞ്ഞഴുകി ദുർഗന്ധം വമിക്കുകയാണ്.
നെയ്യാറിന്റെ ഇരുമ്പിൽ, രാമേശ്വരം, കന്നിപ്പുറം തുടങ്ങിയ സ്ഥലങ്ങളുടെ ഇടയ്ക്കുള്ള പാർശ്വഭാഗങ്ങളിലാണ് മാലിന്യം കൂമ്പാരമായിരിക്കുന്നത്.
അമരവിള പഴയ പാലത്തിലേക്കുള്ള വഴിയും മാലിന്യം തള്ളുന്ന ഇടമായി മാറിയിട്ടുണ്ട്.
ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവമുള്ളതിനാൽ ദൂരദേശങ്ങളിൽ നിന്നുവരെ വൻതോതിൽ മാലിന്യം ഇവിടെ കൊണ്ടുവന്ന് പഴയ പാലത്തിൽ നിന്ന് നെയ്യാറിലേക്ക് വലിച്ചെറിയുന്നുണ്ട്. ചാക്കു കണക്കിന് മാലിന്യമാണ് വലിച്ചെറിഞ്ഞിരിക്കുന്നത്.
മാലിന്യ സംസ്കരണം അവതാളത്തിൽ
നഗരസഭ മാലിന്യ സംസ്കരണത്തിനായി ഒരു പദ്ധതിയും ഒരുക്കിയിട്ടില്ല. സമീപത്ത് താമസിക്കുന്നവരുടെ
പറമ്പുകളിലും വീടുകളുടെ ഭാഗത്തും അറവു മാലിന്യങ്ങളുൾപ്പെടെ വലിച്ചെറിയപ്പെടുന്നുണ്ട്.
നെയ്യാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും ടൺ കണക്കിന് പാഴ്‌വസ്തു അടങ്ങിയ മാലിന്യമാണ് നെയ്യാറിന്റെ തീരത്തായി അടിഞ്ഞുകിടക്കുന്നത്.
രോഗഭീതിയും
നെയ്യാറിലേക്കുള്ള മാലിന്യനിക്ഷേപം രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന ഭീതിയിലാണ്
ഇരുമ്പിൽ,രാമേശ്വരം, പാലത്തുകടവ്, അമരവിള തുടങ്ങിയ ആറ്റുവക്കത്ത്
താമസിക്കുന്ന പ്രദേശവാസികൾക്ക്. ആറിലൂടെ ഒഴുകിപ്പോകുന്ന മാലിന്യങ്ങൾ പലയിടത്തായുള്ള പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് ജലജീവികളുടെ നാശത്തിനും കാരണമാകുന്നു.
സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണം
ആറിന്റെ ഇരുഭാഗത്തുകൂടി പോകുന്ന റോഡുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും സ്ഥിരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തണമെന്നും ഈ ഭാഗങ്ങളിൽ സി.സി.ടിവി അടക്കമുള്ളവ സ്ഥാപിച്ച് നെയ്യാറ്റിനെ സംരക്ഷിക്കണമെന്നുമാണ് പ്രകൃതിസ്നേഹികളുടെയും നാട്ടുകാരുടെയും ആവശ്യം.