മലയോര ഹൈവേ: നിർമ്മാണം അവസാന ഘട്ടത്തിൽ

Tuesday 30 December 2025 2:39 AM IST

പാലോട്: ഒൻപതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മലയോര ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര വരെയുള്ള ഒൻപതര കിലോമീറ്ററിലാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. കൊച്ചുകരിക്കകം മുതൽ കൊപ്പംവരെയുള്ള റോഡിലാണ് ഇപ്പോൾ ടാറിംഗ് ജോലികൾ ആരംഭിച്ചത്. മൂന്നുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.

ഇവിടെ റോഡ് പലഭാഗങ്ങളിലായി തകർന്നു കിടക്കുകയായിരുന്നു. റോഡ് നിർമ്മാണത്തിൽ അടിമുടി ക്രമക്കേടുകളും അശാത്രീയതയുമുണ്ടെന്നുകാട്ടി നിരവധി പരാതികളാണ് പൊതുമരാമത്തിന് ലഭിച്ചിരുന്നത്. റോഡിന്റെ ചില ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന വീതിമാത്രം നിലനിറുത്തിയാണ് പണി നടക്കുന്നതെന്ന ആരോപണവും ഉണ്ട്.

ഇക്ബാൽ കോളേജ് തെന്നൂർ റോഡിൽ മെറ്റൽമാത്രം പാകിയിട്ടത് നിരന്തരം അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതിൽ നാട്ടുകാർ എം.എൽ.എയ്ക്ക് പരാതി നൽകിയതിനെതുടർന്നാണ് നേരത്തെ കരാർ ഏറ്റെടുത്തിരുന്ന റിവൈവ് എന്ന കമ്പനിയെ വീണ്ടും റോഡ് നിർമ്മാണം ഏൽപ്പിച്ചത്.

ദിശാബോർഡുകളും

സുരക്ഷാവേലികളും വേണം

തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാരപ്പടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്,ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്, മടത്തറ എന്നിവിടങ്ങളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. എന്നാൽ സുരക്ഷിതമായ ഓടകൾ,ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും എന്ന പ്രഖ്യാപനം എങ്ങുമെത്തിയിട്ടില്ല.

പാലം ടാർ ചെയ്യും

തകർന്നു തരിപ്പണമായ കൊച്ചുകരിക്കകം പാലം ഏഴു ലക്ഷം ചെലവിട്ട് പുനർനിർമ്മിക്കും. പാലത്തിന്റെ ഇരുവശങ്ങളിലെയും റോഡും ടാർചെയ്യും. ഈ പാലത്തിന്റെ പൊളിച്ചുപണിക്കും സമീപത്തെ വസ്തു ഏറ്റെടുക്കലിനുമായി നേരത്തെ ആറ് കോടി അനുവദിച്ചിരുന്നു. അത് നടപ്പാക്കാൻ കാലതാമസമുള്ളതിനാലാണ് തത്ക്കാലം പാലം പുനർ നിർമ്മാണവും റോഡ് ടാറിംഗും നടത്തുന്നത്. മൂന്ന് മീറ്റർ വീതിയിലാണ് പാലം പൊളിച്ചു പണിയുന്നത്.

 മലയോര ഹൈവേയുടെ വരവ് ടൂറിസം മേഖലക്ക് ഉണർവേകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമായില്ല. അപാകതകൾ പരിഹരിച്ച് അടിയന്തര പ്രാധാന്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം.

താന്നിമൂട് ഷംസുദ്ദീൻ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പെരിങ്ങമ്മല