നരിക്കല്ല് മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു

Tuesday 30 December 2025 12:01 AM IST

വിതുര: പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നരിക്കല്ല് മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞദിവസം രാത്രിയിൽ പത്ത് വീടുകളിലായി സ്വർണം, പണം,റബർഷീറ്റ്, ഒട്ടുപാൽ, കാർഷികവിളകൾ എന്നിവ മോഷണം പോയി. നരിക്കല്ല് സ്വദേശി തമ്പിയുടെ വീട്ടിൽ നിന്നും ഒരുലക്ഷത്തി അറുപത്തിയൊന്നായിരം രൂപയും പത്ത് ഗ്രാം സ്വർണവും മോഷ്ടിച്ചു. സമീപത്തെ പ്രശാന്ത്,സുരേന്ദ്രൻനായർ, ലളിത,കാർത്തികേയൻ, അനിൽ, വിജയമ്മ, സാവിത്രി,പ്രസന്ന എന്നിവരുടെ വീടുകളിലും മോഷണം നടന്നു. പാലോട്,വിതുര പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. രാത്രി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. മോഷ്ടാക്കളുടെ ശല്യത്തിന് തടയിടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. രണ്ട് മാസമായി മേഖലയിൽ തുടരെ മോഷണമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഊർജിതമായ അന്വേഷണം നടക്കുകയാണെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

 നരിക്കല്ല് മേഖലയിൽ വ‌ർദ്ധിച്ചുവരുന്ന മോഷണത്തിന് തടയിടണം. പാലോട്, വിതുര പൊലീസ് മേഖലയിൽ പട്രോളിംഗ് ശക്തമാക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ബാലകൃഷ്ണൻനായർ, പ്രസിഡന്റ് നരിക്കല്ല് റസിഡന്റ്സ് അസോസിയേഷൻ.