മുന്നി ബീഗം കഴക്കൂട്ടത്തെ ലോഡ്ജിൽ എത്തിയത് കാമുകനുമായി കഴിയാൻ, രണ്ടുമാസം മുമ്പും ഇവിടെ താമസിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കഴുത്തിലേറ്റ പരിക്കാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മ പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തെയും കാമുകൻ തൻബീർ ആലമിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ കാമുകനുമൊത്ത് താമസിച്ചു വരികയായിരുന്നു മുന്നി ബീഗം. രണ്ടാഴ്ച മുമ്പാണ് ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് കൊല്ലപ്പെട്ട ഗിൽദാറും ഒന്നരവയസ് പ്രായം ഉള്ള ഇളയകുഞ്ഞുമായി മുന്നി ബീഗം ഇവിടെ താമസത്തിന് എത്തിയത്. രണ്ടുമാസം മുമ്പും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നു. ലോഡ്ജിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഞായർ വൈകിട്ട് ആറുമണിയോടെയാണ് മുന്നി ബീഗം കുഞ്ഞുമായി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കുഞ്ഞ് ഉണർന്നില്ല എന്നാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതോടെ ആശുപത്രി അധികൃതർ കഴക്കൂട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പങ്ക് ഉൾപ്പെടെ കേസിലെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.