ജനുവരി 2ന് ആരംഭിക്കും, ബത്‌ലഹേം കുടുംബ യൂണിറ്റ് ചാലക്കുടിയിൽ
സൂപ്പർ ഹിറ്റിലേക്ക് സർവ്വം മായ കുതിക്കുമ്പോൾ നിവിൻ പോളി നായകനാവുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ജനുവരി 2ന് ചാലക്കുടിയിൽ ചിത്രീകരണം ആരംഭിക്കും. പ്രേമലു എന്ന ബ്ളോക് ബസ്റ്ററിനുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജനുവരി 4ന് നിവിൻ പോളി ജോയിൻ ചെയ്യും.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമായ ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായാണ് ഒരുങ്ങുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. സംവിധാന അരങ്ങേറ്റ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങൾക്ക് കിരൺ ജോസിയോടൊപ്പം ചേർന്നാണ് ഗിരീഷ് എ.ഡി രചന നിർവഹിച്ചത്. ഛായാഗ്രഹണം അജ്‌മൽ സാബു.ഗാനങ്ങൾ വിനായക് ശശികുമാർ, വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, എഡിറ്റർ ആകാശ് ജോസഫ് , ഭാവന റിലീസ് ആണ് വിതരണം. അതേസമയം സർവ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് നിവിൻ പോളി നടത്തിയത്. ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രം പൂർത്തിയായി. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. രാഷ്ട്രീയ നേതാവിന്റെ വേഷം ആണ് നിവിന് . അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രം.ലിജോമോൾ, അദിതി രവി, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ബോബി- സഞ്ജയ്, ഛായാഗ്രഹണം ഫയാസ് സിദ്ധിഖ്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്രിൻ സ്റ്റീഫൻ ആണ് നിർമ്മാണം.