തോൽവിക്ക് ഭരണവിരുദ്ധ വികാരവും കാരണമായി, പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരിച്ചടിച്ചെന്ന് സിപിഐ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ വിലയിരുത്തൽ തള്ളി സി.പി.ഐ. തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് സി.പി.ഐ എക്സിക്യുട്ടീവ് വിമർശിച്ചു. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായി. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് കാരണമാണ്. ഇതിൽ കൃത്യമായ വിലയിരുത്തൽ വേണം. ശബരിമല കേസിൽ അറസ്റ്റിലായ പത്മകുമാറിനെ സി.പി.എം സംരക്ഷിക്കാൻ ശ്രമിച്ചത് തിരിച്ചടിച്ചെന്നും സി.പി.ഐ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയിട്ടുപോലും കോൺഗ്രസ് നടപടിയെടുത്തു, സി.പി.എം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എക്സിക്യുട്ടീവിൽ വിമർശനമുയർന്നു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവുമാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. പ്രാദേശിക തലത്തിലുള്ള പ്രവർത്തന വീഴ്ചയും അപ്രതീക്ഷിത പരാജയത്തിന് കാരണമായി. ശബരിമല വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും കള്ള പ്രചാരവേല നടത്തി. വിശ്വാസത്തെ വോട്ടിനുവേണ്ടി ഉപയോഗിച്ചു. എന്നാൽ, അതിലവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചെന്ന് പറയാനാവില്ലെന്ന് തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ഭരണ വിരുദ്ധവികാരവും സ്വർണക്കൊള്ളയും തിരിച്ചടിക്ക് കാരണമായോയെന്ന് വിശദമായി പരിശോധിച്ച ശേഷമേ നിഗമനത്തിലെത്താൻ കഴിയൂവെന്ന് യോഗത്തിൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. യു.ഡി.എഫിന്റെ വർഗീയ കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. അതിന് ഉദാഹരണമാണ് തിരുവനന്തപുരം നഗരസഭയിൽ നടന്നത്. അതേസമയം വാർത്താസമ്മേളനത്തിൽ ശബരിമല വീഴ്ചയായോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഗോവിന്ദൻ നൽകിയില്ല.