ടയറുകള്‍ക്ക് മാത്രം ഒരു കോടിക്കടുത്ത് വില, ആകെയുള്ളത് മൂന്ന് നിലകള്‍; ഏറ്റവും വലിയ വിമാനത്തിന്റെ വിശേഷങ്ങള്‍

Monday 29 December 2025 10:06 PM IST

വിമാനയാത്രകള്‍ എല്ലായിപ്പോഴും കൗതകവും അതേസമയം അല്‍പ്പം സാഹസികതയും നിറഞ്ഞതാണ്. എന്നാല്‍ മറ്റ് യാത്രാ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട സാദ്ധ്യത ഒരു ലക്ഷത്തില്‍ ഒന്ന് മാത്രമാണ് എന്നതാണ് വസ്തുത. കൂറ്റന്‍ ഭാരവും വലിച്ച് പറന്ന് പൊങ്ങുകയും മൈലുകള്‍ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നത് ദിവസേന പതിനായിരക്കണക്കിന് വിമാനങ്ങളാണ്. പല വലുപ്പത്തിലും വേഗതയിലുമുള്ള വിമാനങ്ങളാണ് ലോകത്താകമാനം സര്‍വീസ് നടത്തുന്നത്.

യാത്രാ വിമാനങ്ങളുടെ കാര്യമെടുത്താല്‍ എയര്‍ബസ് എ 380-800 ആണ് ഏറ്റവും വലുത്. നാല് പവര്‍ഫുള്‍ എഞ്ചിനുകളുള്ള ഈ വിമാനത്തിന് മൊത്തം 22 ടയറുകളാണുള്ളത്. രണ്ട് ടയറുകള്‍ മുന്നിലും എട്ടെണ്ണം ചിറകിന് സമീപമുള്ള ലാന്‍ഡിംഗ് ഗിയറിലും ബാക്കിയുള്ള 12 എണ്ണം മദ്ധ്യഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. 525 ടണ്‍ ഭാരമുള്ള വിമാനത്തിന് ഭാരം ഒരുപോലെ സ്‌പ്രെഡ് ചെയ്യുന്നതിന് ഇത്രയും ടയറുകള്‍ സഹായിക്കും. ഒരു ടയറിന് മാത്രം 5000 യുഎസ് ഡോളര്‍ ആണ് വില (ഇന്ത്യന്‍ കറന്‍സി 4 ലക്ഷത്തില്‍ അധികം).

150 മുതല്‍ 200 ലാന്‍ഡിംഗുകള്‍ക്ക് ശേഷമാണ് ടയറുകള്‍ മാറ്റുന്നത്. മൂന്ന് ഡെക്കുകള്‍ ആണ് എയര്‍ബസ് എ 380-800ന് ഉള്ളത്. ഇതില്‍ രണ്ടെണ്ണം യാത്രക്കാര്‍ക്കും ഒരെണ്ണം കാര്‍ഗോയ്ക്കുമായി ആണ് ഉപയോഗിക്കുന്നത്. വിമാനത്തിന്റെ പ്രധാന ഡെക്കിന് സാധാരണ വിമാനങ്ങളേക്കാള്‍ വീതിയും കൂടുതലാണ്. വിംഗ് സ്പാന്‍ മാത്രം 80 മീറ്ററില്‍ അധികം നീളം വരും. ഇന്ത്യയില്‍ നാല് വിമാനത്താവളങ്ങളില്‍ മാത്രമാണ് ഈ വിമാനത്തിന് കോഡ്-എഫ് കാറ്റഗറി ഉള്ളത്. ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബയ് എന്നീ വിമാനത്താവളങ്ങളാണ് അത്.

ഒരേ സമയം 850 യാത്രക്കാര്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. എന്നാല്‍ പരമാവധി 530 പേരെ മാത്രമേ മിക്കവാറും എയര്‍ലൈന്‍ കമ്പനികളും ഉള്‍പ്പെടുത്താറുള്ളൂ. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ എ 380-800 വിമാനത്തില്‍ അപ്പര്‍ ഡെക്കില്‍ അത്യാഢംബര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.