പൈപ്പ് ചോർച്ച വ്യാപകം, പനവൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം
നെടുമങ്ങാട്; പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തതിനാൽ പനവൂർ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നതായി പരാതി. മിക്ക പ്രദേശങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മലമുകൾ,കല്ലിയോട്, മൊട്ടക്കാവ്, കിടാരക്കുഴി വാർഡുകളിലാണ് ജലദൗർലഭ്യം രൂക്ഷമായത്. ഈ മേഖലകളിൽ ശുദ്ധജല വിതരണം തടസപ്പെട്ടിട്ട് മാസങ്ങളായി.പൈപ്പ് ലൈനുകളിലെ തകരാറുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാലും നടപടിയുണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
വെള്ളമെത്തിക്കാൻ പ്രയാസം
മലമുകളിൽ ഇരുപതിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നത്.ഇവിടെ വെള്ളമെത്തിക്കുക ഏറെ പ്രയാസകരമാണെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അരുവിപ്പുറത്ത് നിന്നും വരുന്ന കുടിവെള്ളം ഇവിടേക്ക് പമ്പു ചെയ്തു കയറ്റുകയെന്നത് ഏറെ പ്രയാസകരമാണ്.
കുടിവെള്ളം എത്തിക്കണം
ലൈനിൽ പലയിടത്തും പൊട്ടലുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആലോചിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കടലാസിൽ ഒതുങ്ങിയ പദ്ധതി ഉടനെ നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.