മത്സരം കുട്ടികൾ തമ്മിലാകണമെന്ന് എം.പി
കാസർകോട്: സ്കൂൾ കലോത്സവ വേദിയിൽ മത്സരം രക്ഷിതാക്കൾ തമ്മിൽ ആകരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം മുമ്പില്ലാത്ത വിധത്തിൽ ശക്തമാകുന്ന കാലഘട്ടത്തിലാണ് വിദ്യാർത്ഥികളെ രക്ഷിതാക്കൾ സ്കൂളിലും കോളജുകളിലും അയച്ചു പഠിപ്പിക്കുന്നത്. നാളെയുടെ താരങ്ങളായി വിദ്യാർത്ഥികളെ മാറ്റണം. ലോകോത്തര നിലവാരത്തിലേക്ക് കുട്ടികളെ വളർത്തണം. കലാ കായിക ശാസ്ത്ര രംഗങ്ങളിൽ പിന്തുണയും പ്രോത്സാഹനവും നൽകി അവരെ പുരോഗതിയിലേക്ക് നയിക്കണമെന്നും എം പി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എ.കെ.എം അഷ്‌റഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സബ് അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെർക്കള, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, ജഗന്നാഥ പൃഥുരാജ് ഷെട്ടി, ജമീല ഹസൻ, എം.കെ.വിനോദ് കുമാർ ഇ.ആർ.ഉദയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ഡി.ഡി.ഇ ടി.വി.മധുസൂദനൻ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.ശിശുപാലൻ നന്ദിയും പറഞ്ഞു.