മൂന്നാറിൽ ഗതാഗതകുരുക്ക് രൂക്ഷം; നട്ടം തിരിഞ്ഞ് സഞ്ചാരികളും നാട്ടുകാരും
മൂന്നാർ: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കായി മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. മൂന്നാറിലെ അതിശൈത്യവും തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ പതിവു പോലെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗതാഗതകുരുക്കും രൂക്ഷമായി. ഏറെ സമയം സഞ്ചാരികൾ വാഹനങ്ങളിൽ റോഡിൽ കുരുങ്ങുന്ന സ്ഥിതിയുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ഉദ്ദേശിക്കുന്ന സമയത്ത് ലക്ഷ്യ സ്ഥാനത്തെത്താൻ സഞ്ചാരികൾക്ക് കഴിയുന്നില്ല. സഞ്ചാരികൾക്കൊപ്പം നാട്ടുകാരും പ്രതിസന്ധി നേരിടുന്നുണ്ട്. വിനോദ സഞ്ചാരികൾ ശുചിമുറികളിൽ പോകാനാവാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ ഏറെ സമയം വാഹനങ്ങളിൽ തന്നെ ഇരിക്കേണ്ട സാഹചര്യം പ്രതിസന്ധിയാകുന്നുണ്ട്. അതേ സമയം കുരുക്ക് കുറയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.
അതേ സമയം തിരക്കേറുമ്പോഴെല്ലാം മൂന്നാറിൽ സമാന സ്ഥിതി ആവർത്തിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. മൂന്നാർ ടൗൺ, ആനച്ചാൽ ടൗൺ, മൂന്നാർ- മാട്ടുപ്പെട്ടി റോഡ്, മൂന്നാർ- മറയൂർ റോഡ് എല്ലായിടത്തും സ്ഥിതി സമാനം തന്നെ. റോഡുകളുടെ വീതിക്കുറവാണ് ഗതാഗതകുരുക്കിനുള്ള പ്രധാന കാരണം. ചിലയിടങ്ങളിലെ വഴിയോര കച്ചവടവും തോന്നും പടിയുള്ള പാർക്കിംഗും പ്രതിസന്ധിയാണ്. മൂന്നാർ മേഖലയിൽ ഏറ്റവും വേഗത്തിൽ റോഡ് വികസനം സാദ്ധ്യമാക്കിയില്ലെങ്കിൽ മൂന്നാറിന്റെ ടൂറിസം താളം തെറ്റുമെന്ന ആശങ്ക ശക്തമാണ്.