നടി നന്ദിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി,​ ആത്മഹത്യാ കുറിപ്പ് പുറത്ത്

Monday 29 December 2025 10:54 PM IST

ബംഗളുരു: കന്നഡ ,​ തമിഴ് ടെലിവിഷൻ താരം നന്ദിനി സി.എമ്മിനെ ബംIഗളുരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കൾക്ക് നന്ദിനി അയച്ച ആത്മഹത്യാകുറിപ്പും പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാനസികമായി അതിന് തയ്യാറല്ലെന്നും മാതാപിതാക്കൾക്ക് അയച്ച കുറിപ്പിൽ പറഞ്ഞതായാണ് റിപ്പോർ‌‌ട്ട്. മറ്റ് പ്രശ്നങ്ങൾ കാരണം താൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും പരാമർശമുണ്ട്. അതേസമയം നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർ‌ബന്ധിക്കുന്നുണ്ടെന്നും വൈകാരികമായി ബുദ്ധിമുട്ടിലാണെന്നും നന്ദിനി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി കുറിപ്പിലെ ഉള്ളടക്കം ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

കോട്ടൂർ സ്വദേശിയായ നന്ദിനി ബംഗളുരുവിലാണ് താമസിക്കുന്നത്. ജീവ ഹൂവാഗൈഡ്,​ സംഘ‌ർഷ,​ മധുമഗലു,​ നിനദേ നാ തുടങ്ങിയ ജനപ്രിയ കന്നഡ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നന്ദിനി ശ്രദ്ധേയയായത്. ഗൗരി എന്ന പരമ്പരയിൽ കനക,​ ദുർഗ എന്നീ ഇരട്ടവേഷങ്ങൾ ചെയ്തു വരികയായിരുന്നു.