ഉന്നാവിലും ആരവല്ലിയിലും സുപ്രീം ആശ്വാസം; ഉന്നാവ് ക്രിമിനൽ ജയിലിൽ തുടരും, ആരവല്ലി കുന്നുകൾക്ക് കരുതൽ
ന്യൂഡൽഹി: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഉന്നാവ് കേസിലെ ബി.ജെ.പി മുൻ എം.എൽ.എയുടെ ജയിൽമോചനം തടഞ്ഞ സുപ്രീംകോടതി, ആരവല്ലി മലനിരകളെ മുച്ചൂടും തകർക്കുന്ന ഖനനാനുമതിക്കും കൂച്ചുവിലങ്ങിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖനനാനുമതി നൽകാനോ പുതുക്കാനോ പാടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഇടപെടൽ. ഉന്നാവ് കേസിൽ സി.ബി.ഐയുടെ അപ്പീലും ആരവല്ലി വിഷയത്തിൽ സ്വമേധയാ എടുത്ത കേസുമാണ് പരിഗണിച്ചത്. പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. കുറ്റവാളിക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കും. അതിജീവിത കോടതി വളപ്പിൽ കുഴഞ്ഞുവീണു. വിധിയിൽ സന്തോഷമെന്ന് അതിനിടെ പ്രതികരിച്ചു. മാതാവും കോടതിയിലെത്തിയിരുന്നു. ഹൈക്കോടതി വിധിവന്ന ഡിസംബർ 23 മുതൽ അതിജീവിതയും കുടുംബവും തെരുവിൽ പ്രതിഷേധത്തിലായിരുന്നു. ആരവല്ലിയിലെ ഖനനം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി നൽകിയ ശുപാർശകളും അതിനെ അംഗീകരിച്ച നവംബർ 20ലെ സുപ്രീംകോടതി വിധിയുമാണ് മരവിപ്പിച്ചത്. പുതിയ വിദഗ്ദ്ധസമിതി രൂപീകരിക്കും. ഇതിനടക്കം കോടതിയെ സഹായിക്കാൻ അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണിയെയും മലയാളി അഭിഭാഷകൻ കെ.പരമേശ്വറിനെയും ചുമതലപ്പെടുത്തി. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഗിരിശൃംഖലയാണ് ആരവല്ലി. ജനുവരി 21ന് വീണ്ടും പരിഗണിക്കും. ഈ നാല് സംസ്ഥാനങ്ങളിൽ ഖനനം വിലക്കിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.
ഉന്നാവ് വ്യത്യസ്തമെന്ന് കോടതി
വിചാരണക്കോടതിയോ ഹൈക്കോടതിയോ ജാമ്യം അനുവദിച്ചാൽ, ആ കുറ്റവാളിയെ കേൾക്കാതെ സ്റ്റേ അനുവദിക്കാറില്ല. ഈ കേസിൽ സാഹചര്യം വ്യത്യസ്തമാണെന്ന് കോടതി നിലപാടെടുത്തു. അതിജീവിതയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുൽദീപ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ആരവല്ലി പ്രശ്നം?
100 മീറ്റർ ഉയരമെങ്കിലും ഉണ്ടെങ്കിലേ ആരവല്ലി കുന്നായി പരിഗണിക്കേണ്ടതുള്ളൂ എന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരം സുപ്രീംകോടതി നവംബർ 20ന് അംഗീകരിച്ചിരുന്നത്. 12,081 ആരവല്ലി കുന്നുകളിൽ 1048 എണ്ണത്തിന് മാത്രമാണ് 100 മീറ്ററും അതിനു മുകളിലും ഉയരപരിധിയുള്ളത്. നിലവിലെ ഉത്തരവിന്റെ മറവിൽ ബാക്കിയുള്ളതെല്ലാം ഖനനത്തിന് ഇരയാവും. ആരവല്ലിആവാസ വ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ് ഈ താഴ്ന്ന കുന്നുകൾ. ഡൽഹി മുതൽ അഹമ്മദാബാദ് വരെ 670 കിലോമീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്നതാണ് ആരവല്ലി മലനിര.
പരിശോധിക്കേണ്ടത് ഇവ
1.വിധി ഏതെങ്കിലും തരത്തിൽ അനിയന്ത്രിത ഖനനത്തിന് വഴിയൊരുക്കുമോ?
2.കുന്നുകൾക്കിടയിൽ ഖനനം അനുവദനീയമോ ?
3.ഭൂമിശാസ്ത്രപരമായ അന്വേഷണം വേണമോ?