കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

Tuesday 30 December 2025 12:11 PM IST

കഴക്കൂട്ടം: അമ്പലത്തിൻകരയിലെ ലോഡ്ജിൽ നാലുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ദിൽ ദൽ ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നി ബീഗത്തിന്റെ സുഹൃത്തായ തൻവീർ ആലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്നി ബീഗവും രണ്ട് മക്കളും തൻവീർ ആലമും കഴിഞ്ഞ ഒരാഴ്ചയായി ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി തൻവീറിനൊപ്പമാണ് താമസം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. കുട്ടി അവശനിലയിലാണെന്നുപറഞ്ഞ് മുന്നി ബീഗം ലോഡ്ജിന് താഴേക്ക് വരുന്നതുകണ്ടാണ് നാട്ടുകാർ ശ്രദ്ധിക്കുന്നത്. ഈ സമയം കുട്ടിയുടെ വായിൽ നിന്ന് ചോരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൻവീർ ആലമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നത്. മരണത്തിൽ അമ്മയ്‌ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും ഒന്നര വയസുള്ള മറ്റൊരു കുട്ടി കൂടി ഉള്ളതിനാൽ മാനുഷിക പരിഗണനയിൽ താത്കാലികമായി വിട്ടയയ്ക്കുകയായിരുന്നു.

എങ്കിലും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ് ഇവർ. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പൂർണരൂപം ഇന്ന് ലഭിച്ചാൽ മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് അസിസ്റ്റന്റ് കമ്മിഷണർ ചന്ദ്രദാസ് അറിയിച്ചു. കഴക്കൂട്ടം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.