മദ്ധ്യപ്രദേശിൽ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 55 കടുവകൾ, 50 വർഷത്തിനിടെ ഇത് ആദ്യം

Tuesday 30 December 2025 12:46 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 55 കടുവകളെന്ന് റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ സംഖ്യ റിപ്പോർട്ട് ചെയ്യുന്നത്. 1973ൽ പ്രൊജക്ട് ടൈഗർ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് ഇത്. ഏറ്റവും ഒടുവിലായി എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള ആൺ കടുവയാണ് ചത്തത്. സാഗർ മേഖലയിൽ ബുന്ദേൽഖണ്ഡിലാണ് ആൺ കടുവയെ ഒടുവിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ആൺ കടുവയുടെ മൃതദേഹം ഹിൽഗാൻ ഗ്രാമത്തിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്നാണ് വനംവകുപ്പും മൃഗസംരക്ഷണ വകുപ്പ് പ്രവർത്തകരും ഇവിടെ എത്തിയത്. പുറമേ നിന്നുള്ള പരിക്കുകൾ കടുവയുടെ മൃതദേഹത്തിൽ കണ്ടെത്താനായിട്ടില്ല. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് വനംവകുപ്പ് വിശദമാക്കി.

അതേസമയം,​കടുവ ഈ മേഖലയിലേക്ക് എത്തിയത് എവിടെ നിന്നാണ് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നൌറാദേഹി കടുവാ സങ്കേതത്തിൽ നിന്നാണ് ഈ കടുവ എത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വൈദ്യുതാഘാതമേറ്റാണോ കടുവ ചത്തതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് ചത്ത കടുവയെ കാട്ടിൽ കൊണ്ടുവന്ന് ഇട്ടതാണോയെന്ന സംശയവും ശക്തമാണ്.വയലുകൾക്ക് സംരക്ഷണം ഒരുക്കാനായി ഇട്ടിരിക്കുന്ന വൈദ്യുത കമ്പികൾ കാട്ടു പന്നികൾ, മാനുകൾ അടക്കമുള്ളവയ്ക്ക് അപകട സാദ്ധ്യത ഏറ്റുന്നവയാണ്. വയലുകൾക്ക് ചുറ്റും ഹൈ വോൾട്ടേജ് വൈദ്യുതിയാണ് പ്രവഹിക്കുന്നതെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ പ്രവർത്തനത്തിലെ വീഴ്ച വ്യക്തമാക്കുന്നതാണ് നിലവിൽ കടുവ ചത്ത സംഭവത്തെ വിലയിരുത്തുന്നത്.