റാമ്പ് നിർമ്മാണത്തിന് കായൽ മണൽ, യാത്രക്കാർക്ക് ആശങ്ക
മുഹമ്മ: ദേശീയപാത 66ലെ മേൽ പാലങ്ങളോടും അടിപാതയോടും ചേർന്ന് നിർമ്മിക്കുന്ന റാമ്പിന്റെ ആശാസ്ത്രീയ നിർമ്മാണത്തിൽ യാത്രക്കാർക്ക്
ആശങ്ക. ലോക്ക് കട്ടകളും പ്ലാസ്റ്റിക് നെറ്റും കൊണ്ട് ഭിത്തി നിർമ്മിച്ച ശേഷം അതിനുള്ളിൽ കായലിലെ പൊടി മണൽ നിറച്ച് അതിന് മുകളിൽ റോഡ് നിർമ്മിച്ചാണ് റാമ്പ് തയ്യാറാക്കുന്നത്. മഴക്കാലത്ത് റോഡിൽ ഏതെങ്കിലും വിധത്തിൽ ചെറിയ വിള്ളലോ, കുഴികളോ രൂപപ്പെട്ടാൽ ഈ വിടവിലൂടെ ഇറങ്ങുന്ന മഴവെള്ളം, റാമ്പിലിലെ മണലിൽ വലിയ അളവിൽ സംഭരിക്കും. ഇങ്ങനെ രൂപപ്പെടുന്ന മർദ്ദം വശങ്ങളിലെ ലോക്ക് ഭിത്തികളെ തകർത്ത് മണലും വെള്ളവും സർവീസ് റോഡിലേക്ക് പതിച്ച് അപകടങ്ങൾ ഉണ്ടാകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
ദേശീയ പാതയുടെ നിർമ്മാണത്തിനിടെ കൊല്ലത്ത് ഉൾപ്പടെ പല സ്ഥലങ്ങളിലും റോഡ് തകർന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
ദേശീയ പാത പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങൾ വളരെ വേഗത്തിൽ മേൽ പാതയിലൂടെയും സർവ്വീസ് റോഡിലൂടെയും സഞ്ചരിക്കുകയും കാലവർഷം ശക്തമാകുന്നതോടെ മർദ്ദം വർദ്ധിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് നാട്ടുകാർ.