ബയോഡൈനാമിക് കൃഷിയിൽ വിജയഗാഥയുമായി പ്രവാസി വ്യവസായി

Tuesday 30 December 2025 12:52 AM IST

മാള : ഗുജറാത്തിൽ നിന്നും ഉൾപ്പെടെ എത്തിച്ച ഗിർ, സഹിവാൾ, റാത്തി ഇനങ്ങളിൽപ്പെട്ട 180ലധികം പശുക്കൾ. ഇവയ്ക്ക് ഭക്ഷണമായി അശ്വഗന്ധം, ബ്രഹ്മി, ശതാവരി തുടങ്ങിയ ഔഷധസസ്യങ്ങളും ദശപുഷ്പങ്ങൾ അടങ്ങിയ പുല്ലുകളും. ബയോഡൈനാമിക് ഫാമിംഗ്' എന്ന ജൈവകൃഷിക്ക് പ്രധാന്യം നൽകുന്നതിനായി എരവത്തൂരിലെ പ്രവാസി വ്യവസായി ജിജികുമാറാണ് 18 ഏക്കറിൽ ഈ ഫോർച്യൂൺ ഗേറ്റ് ഡയറി ഫാം ആരംഭിച്ചത്. പശുക്കളുടെ പാൽ ലഭിക്കുന്നതിനേക്കാൾ ഉപരിയായി അവയുടെ ചാണകവും മൂത്രവും ജൈവകൃഷിക്കായി ഉപയോഗിക്കുയാണ് പ്രധാന ലക്ഷ്യം. ബയോഡൈനാമിക് ഫാമിംഗ്' എന്ന ആശയത്തിലൂടെ പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ജിജികുമാർ. ജനിതക മാറ്റം വരുത്തിയ വിത്തുകളും രാസവളങ്ങളും ഉപയോഗിക്കുന്നതിന് പകരം പഴയ വിത്തുകളും നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് മണ്ണിനെ പുഷ്ടിപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. തെങ്ങ് ,കുബളം,പയർ തുടങ്ങി നിരവധി കൃഷികളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഒരുക്കുന്നത്. ഒപ്പം ദുബായിൽ ചെറിയ തോതിൽ ബയോഡൈനാമിക് കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമാണ് കുഞ്ഞുങ്ങളിൽ രോഗപ്രതിരോധ ശേഷി വളർത്താൻ സാധിക്കുകയുള്ളെന്ന് ഇദ്ദേഹം പറയുന്നു. എരവത്തൂർ, തലയാക്കുളം എന്നിവിടങ്ങളിൽ തന്റെ ഫാമിംഗ് ശൃംഖല വ്യാപിപ്പിച്ചിട്ടുണ്ട്. 50 ഫാമുകൾ തുടങ്ങാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.

നെയ്യ് നിർമ്മാണം പാരമ്പര്യമായ രീതിയിൽ

ഇവിടെ ശാസ്ത്രീയവും പാരമ്പര്യമായ രീതിയിലാണ് നെയ്യ് നിർമ്മാണവും. എട്ടു മണിക്കൂറോളം ഇളം ചൂടിൽ മോയ്‌സ്ചർ പൂർണ്ണമായും നീക്കം ചെയ്ത് തയ്യാറാക്കുന്ന ഈ നെയ്യ് 10 വർഷം വരെ കേടുകൂടാതെ ഇരിക്കുമെന്ന് ജിജികുമാർ പറയുന്നു. അശ്വഗന്ധാദി നെയ്യ്, ബ്രഹ്മീകൃതം,ആലമ്പുഷാ ഘൃതം തുടങ്ങിയ ഔഷധ നെയ്യിനങ്ങൾ നിർമ്മിച്ച് വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ 38 വർഷമായി ദുബായിൽ പവർ ആൻഡ് കൂളിംഗ്, ഇലക്ട്രോ മെക്കാനിക്കൽ രംഗത്ത് ബിസിനസ് ചെയ്യുന്ന ജിജികുമാർ തന്റെ മക്കളുടെയും വരുംതലമുറയുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ആരംഭിച്ചത്. ഭാര്യ, ഷൈലജ. മക്കൾ, മേഘ (ആർക്കിടെക്ട് ) ,ആകാശ് (ദുബായിൽ ബിസിനസ്)

ഉദ്യമത്തിലേക്ക് തിരിഞ്ഞത് ലാഭത്തേക്കാൾ ഉപരിയായി കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ മണ്ണും നല്ല ഭക്ഷണവും കരുതി വയ്ക്കാനാണ്. ജിജികുമാർ