പക്ഷിപ്പനി സംശയം : വീണ്ടും സാമ്പിൾ ശേഖരിച്ചു
ആലപ്പുഴ: പക്ഷിപ്പനി പരിശോധനയ്ക്കായി കോഴി, കാട, താറാവ് എന്നിവ ചത്ത മൂന്നിടത്തുനിന്ന് കൂടി മൃഗസംരംക്ഷണവകുപ്പ് സാമ്പിളുകൾ ശേഖരിച്ചു. അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. അമ്പലപ്പുഴ സൗത്തിൽ നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നതാണ്. എന്നാൽ, അമ്പലപ്പുഴ നോർത്ത്, പള്ളിപ്പാട് എന്നിവിടങ്ങളിൽ സ്ഥിരീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പരിശോധനാഫലം നിർണായകമാണ്. ഇവിടെയും രോഗബാധ സ്ഥിരീകരിച്ചാൽ കൂടുതൽ മേഖലകളിലേക്ക് രോഗം പടരുന്നെന്ന വിലയിരുത്തലിലേക്ക് നീങ്ങും.
അമ്പലപ്പുഴ സൗത്തിന് പുറമെ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, തകഴി, പുറക്കാട് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. ഇവിടങ്ങളിൽ 28,549 പക്ഷികളെ കൊന്നു. രോഗബാധയേറ്റ മേഖലയിൽ ഇന്നലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പക്ഷിപ്പനി പിടിപെട്ട മേഖലയിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ പക്ഷിവളർത്തൽ മൂന്നുമാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഓരോ രണ്ടാഴ്ചകൂടുമ്പോഴും മറ്റു വളർത്തുമൃഗങ്ങളുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയയ്ക്കും. ഈ റിപ്പോർട്ട് പരിഗണിച്ചശേഷമായിരിക്കും പക്ഷിവളർത്തൽ എപ്പോൾ പുനരാരംഭിക്കുമെന്ന തീരുമാനമെടുക്കുക. പക്ഷിപ്പനി മൂലം കൊന്നതും ചത്തതുമായ പക്ഷികളുടെ കണക്ക് മൃഗസംരംക്ഷണവകുപ്പ് ശേഖരിച്ച് സംസ്ഥാനത്തിന് കൈമാറും. അതനുസരിച്ചായിരിക്കും നഷ്ടപരിഹാരം അനുവദിക്കുക.