പോള നിറഞ്ഞ് ആലപ്പുഴ - ചേർത്തല കനാൽ

Tuesday 30 December 2025 12:02 AM IST

മുഹമ്മ : ആലപ്പുഴ - ചേർത്തല കനാലിൽ പൊന്നിട്ടുശ്ശേരി പാലം മുതൽ കഞ്ഞിക്കുഴി ദേശീയ പാത വരെയുള്ള ഭാഗത്ത് പോളശല്യം രൂക്ഷമായി. ലക്ഷങ്ങൾ മുടക്കി പല പ്രാവശ്യം കനാൽ വൃത്തിയാക്കിയെങ്കിലും മാസങ്ങൾക്കുള്ളിൽ പോളയും കുറ്റിക്കാടും നിറയുന്ന സ്ഥിതിയാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നിട്ടുശ്ശേരി മുതൽ കഞ്ഞിക്കുഴി വരെ ആഴംകൂട്ടി വൃത്തിയാക്കിയത്.

എന്നാൽ കുറച്ചു നാൾ പിന്നിട്ടപ്പോൾ തന്നെ ഈ ഭാഗത്ത് പോളപ്പായൽ നിറഞ്ഞു.പോള നിറയെ പൂത്തു നിൽക്കുകയാണ് ഇപ്പോൾ.

ഏതാനും ദിവസം കഴിയുമ്പോൾ തന്നെ കനാൽ കാടായി മാറും. പോളപ്പായലിന്റെ കായ് കൊഴിഞ്ഞു വീണ് അടിത്തട്ടിൽ കിടക്കും. അനുകൂല സാഹചര്യം വന്നാൽ ഇത് മുളച്ചു പൊന്തി ജലോപരിതലത്തിൽ തഴച്ചു വളരും. ലക്ഷങ്ങൾ മുടക്കി ശുചീകരണം നടത്തുമ്പോൾ തുടർ പരിചരണത്തിന് വേണ്ട സംവിധാനം ഒരുക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.

കനാൽ സംരക്ഷണത്തിനായി എന്ത് പദ്ധതികൾ ആസൂത്രണം ചെയ്താലും ഇറിഗേഷൻ വകുപ്പ് സമ്മതിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.ജി.മോഹനൻ പറഞ്ഞു. ഫണ്ട് ഏൽപ്പിച്ചാൽ മതി, തങ്ങൾ ചെയ്തുകൊള്ളാം എന്നതാണ് ഇറിഗേഷൻ വകുപ്പിന്റെ നിലപാട്.

കരയിലേക്ക് വാരിക്കയറ്റുന്ന പായലുകൾ കോഴിവളവും ചാണണവും വേപ്പിൻ പിണ്ണാക്കും അടക്കമുള്ളവ ചേർത്ത് ജൈവ വളമാക്കിയാൽ കാർഷിക മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും എന്ന അഭിപ്രായവും കർഷകർ ഉന്നയിക്കുന്നുണ്ട്.