മഹാ. കോർപറേഷൻ തിരഞ്ഞെടുപ്പ്: എൻ.സി.പി പാർട്ടികൾ സഖ്യത്തിൽ
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ എൻ.ഡി.എയിലുള്ള അജിത് പവാറിന്റെ എൻ.സി.പിയും കോൺഗ്രസ്,ശിവസേന പാർട്ടികൾക്കൊപ്പം മഹാവികാസ് അഘാഡി മുന്നണിയിലുള്ള എൻ.സി.പി(ശരത് പവാർ) വിഭാഗവും കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒന്നിക്കുന്നു. മഹാവികാസ് അഘാഡിയിലുള്ള ശിവസേനയും നവനിർമ്മാണ സേനയുമായി(എം.എൻ.എസ്) സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻ.സി.പികളുടെ കൈകോർക്കൽ.
പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ അമ്മാവൻ ശരത് പവാറിന്റെ എൻ.സി.പി (ശരദ്ചന്ദ്ര പവാർ) പാർട്ടിയുമായി കൈകോർക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ പ്രഖ്യാപിച്ചു. പൂനെ കോർപറേഷനിലും ഇവർ ഒന്നിച്ചേക്കും. ജനുവരി 15ന് നടക്കുന്ന മഹാരാഷ്‌ട്ര കോർപറേഷൻ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണിന്ന്.
കുടുംബാംഗങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്ന് പിംപ്രി-ചിഞ്ച്‌വാഡിൽ നടന്ന റാലിയിൽ അജിത് പവാർ പ്രഖ്യാപിച്ചു. സഖ്യത്തെക്കുറിച്ച് ആളുകൾക്ക് ചോദ്യങ്ങളുണ്ടാകാം. പക്ഷേ മഹാരാഷ്ട്രയുടെ വികസനത്തിനായി അത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്‌ട്രയിലെ മുംബയ്, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനുകൾ ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ജനുവരി 15 നാണ് വോട്ടെടുപ്പ്.
2023ൽ എൻ.സി.പി പിളർന്നതിനുശേഷം രണ്ട് വിഭാഗങ്ങളും ഒന്നിക്കുന്നത് ആദ്യമായാണ്. എൻ.സി.പി പിളർത്തി എൻ.ഡി.എയിലെത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രിയായി.
മാറുന്ന മുന്നണി
സമവാക്യം
അജിത് പവാർ-ശരത് പവാർ കൈകോൽക്കൽ കാരണം മഹായുതി മുന്നണിയിൽ ബി.ജെ.പിയും ഷിൻഡെയുടെ ശിവസേനയും സീറ്റുകൾ പങ്കിടും. ശരത് പവാറിന്റെ എൻ.സി.പിയും ഉദ്ധവിന്റെ ശിവസേനയും പുറത്ത് മറ്റ് പാർട്ടികളുമായി സഖ്യം പ്രഖ്യാപിച്ചതോടെ മഹാവികാസ് അഘാഡിയിൽ കോൺഗ്രസ് ഒറ്റപ്പെട്ടു.