മൈസൂരുവിലെ ഹുസൂരിൽ തോക്ക് ചൂണ്ടി ജുവലറിയിൽ കവർച്ച, 4 കോടിയുടെ സ്വർണം കവർന്നു

Tuesday 30 December 2025 12:37 AM IST

മൈസൂരു: മൈസൂരുവിലെ ഹുസൂരിൽ തോക്ക് ചൂണ്ടി ജുവലറിയിൽ കൊള്ള. 4 കോടിയിലധികം വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങൾ അഞ്ചംഗ സംഘം കവർന്നു. മൈസൂരു ഹുൻസൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്‌കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2നായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലായി മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ജുവലറിയിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ തോക്കിൻ മുനയിൽ നിറുത്തിയാണ് കവർച്ച നടത്തിയത്. 8-10 മിനിറ്റിനുള്ളിലായിരുന്നു കവർച്ച. മോഷണ സമയം ജുവലറിയിൽ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ടെന്നും മോഷ്ടാക്കൾ ജുവലറിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിർത്ത ശേഷമാണ് കടന്നുകളഞ്ഞതെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് (സതേൺ റേഞ്ച്) ബോറലിംഗയ്യ പറഞ്ഞു. എന്നാൽ കൊള്ളയടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ കൃത്യമായ അളവ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ മോഷ്ടാക്കളിൽ ഒരാൾ ഹിന്ദിയിലാണ് സംസാരിച്ചതെന്നും മറ്റുള്ളവർ ആംഗ്യ ഭാഷയിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത് എന്നും ജീവനക്കാർ മൊഴി നൽകി. പ്രതികളിൽ ഒരാൾ ഹെൽമെറ്റ് കടയിൽ തന്നെ വച്ചുപോയിട്ടുണ്ടെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഏപ്രിൽ 27ന് ആരംഭിച്ച ജുവലറിയുടെ നാല് പങ്കാളികളിൽ ഒരാൾ കണ്ണൂർ സ്വദേശിയാണ്. ഹുസൂരിൽ കൂടാതെ കേരളത്തിൽ വിരാജ്പേട്ടിലും കണ്ണൂരിലും ജുവലറിയ്ക്ക് വേറെ ശാഖകളുണ്ട്. മൈസൂരു ജില്ലാ പൊലീസ് സൂപ്രണ്ട് എൻ. വിഷ്ണുവർദ്ധനും സംഭവസ്ഥലം സന്ദർശിച്ചു.