ഡിജിറ്റൽ അറസ്റ്റ്: ജ. ചന്ദ്രചൂഡിന്റെ പേരിൽ 3.71 കോടി തട്ടി , ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവെന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു വ്യാപകമായിരിക്കെ,മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിലും തട്ടിപ്പു നടന്നെന്ന് റിപ്പോർട്ട്. മുംബയ് അന്ധേരി വെസ്റ്റിലെ 68കാരിയിൽ നിന്ന് കഴിഞ്ഞ ആഗസ്റ്ര് 18 മുതൽ ഒക്ടോബർ 13 വരെ പലതവണയായി 3.71 കോടിയാണ് തട്ടിയെടുത്തത്. ക്രിമിനൽ സംഘത്തിലെ ഗുജറാത്ത് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. കോടതിയുടെ സെറ്റിട്ട് പൊലീസ്,സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പതിവു ശൈലിയിൽ തന്നെയാണ് ക്രിമിനലുകൾ എത്തിയത്. കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിലാണ് അന്വേഷണമെന്നും ഡിജിറ്റലായി അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നും ചലിക്കരുതെന്നും ഭീഷണിപ്പെടുത്തി. ഓൺലൈൻ ഹിയറിംഗിൽ ചന്ദ്രചൂഡിന്റെ വ്യാജൻ വന്നു. നിക്ഷേപങ്ങളുടെ വിവരം ആവശ്യപ്പെട്ടു. പലതവണയായി പല ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നുവെന്ന് 68കാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.