എ.ഐ ചിത്രം:സുബ്രഹ്മണ്യനെ വീണ്ടും ചോദ്യംചെയ്തു

Tuesday 30 December 2025 2:46 AM IST

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള എ.ഐ ചിത്രം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ചേവായൂർ പൊലീസ് സ്റ്റേഷനിൽ സുബ്രഹ്മണ്യത്തെയും സഹായിയേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്.

താൻ പോസ്റ്റ് ചെയ്തത് യഥാർത്ഥ ചിത്രമാണെന്നാണ് സുബ്രഹ്മണ്യൻ മൊഴി നൽകിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സുബ്രഹ്മണ്യത്തോട് ഇന്നലെ ഹാജരാവാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.

നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് സുബ്രഹ്മണ്യന്റെ തീരുമാനം. ഫേസ്ബുക്കിൽ ഷെയർ ചെയ്ത മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രം യാഥാർത്ഥ്യമെന്ന വാദം അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിഡിയോ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതിന് വേണ്ടിയുള്ളതാണ്. പി.ആർ.ഡി വകുപ്പ് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടുകളുടേയും വീഡിയോ സൂക്ഷിക്കുന്നതാണ്. അത് പുറത്തുവിടണം. എഡിറ്റ് ചെയ്യാതെ കിട്ടിയാൽ ആ ദൃശ്യങ്ങൾ അതിലുണ്ടാകും. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ നൽകണമെന്ന് പി.ആർ.ഡിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകും.