മറ്റത്തൂർ: കൂറുമാറിയവർ രാജിവയ്ക്കണമെന്ന് ഡി.സി.സി

Tuesday 30 December 2025 2:49 AM IST

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റം കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി സി.പി.എം ആക്രമണം ശക്തമാക്കുന്നതിനിടെ, പ്രസിഡന്റും വൈസ് പ്രസിഡന്റും 10 ദിവസത്തിനുള്ളിൽ രാജിവയ്ക്കണമെന്ന് ഡി.സി.സിയുടെ അന്ത്യശാസനം. 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റുതിരുത്തി പിന്മാറിയില്ലെങ്കിൽ അയോഗ്യതാ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് മുന്നറിയിപ്പ് നൽകി.

തെറ്റുതിരുത്തി ജനങ്ങളോട് മാപ്പു പറയണം. അങ്ങനെ ചെയ്താൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി പുനഃപരിശോധിക്കും. ഇവർ നിറുത്തിയ സ്ഥാനാർത്ഥിക്ക് ബി.ജെ.പി വോട്ടു ചെയ്തു എന്ന് മനസിലായപ്പോൾ തന്നെ രാജിവയ്ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുപ്രചാരണം

നടത്തുന്നു: ഔസേഫ്

മറ്റത്തൂരിൽ കോൺഗ്രസ്- ബി.ജെ.പി സഖ്യത്തെ എതിർത്തതിനാലാണ് തനിക്കെതിരെ കുപ്രചാരണം നടത്തുന്നതെന്ന് കോൺഗ്രസ് വിമതനായി വിജയിച്ച കെ.ആർ. ഔസേഫ്. ഇനി മുതൽ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കും. തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് താൻ വിജയിച്ചത്. ബി.ജെ.പിക്കെതിരെയായിരുന്നു മുഖ്യമായും പ്രചാരണം. എന്നാൽ, ഡിസംബർ 23ന് രാത്രി ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രനടക്കം വീട്ടിലെത്തി പ്രസിഡന്റ് സ്ഥാനാർത്ഥി ഔസേഫാണെന്നും ജയിക്കുമെന്നും പറഞ്ഞു. എന്നാൽ, ബി.ജെ.പിയുമായി കൂട്ടുകൂടുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ചത്. അതേസമയം, ഔസേപ്പ് ഉന്നയിച്ചതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ടി.എം.ചന്ദ്രൻ പറഞ്ഞു.