കൂറുമാറ്റം: അഗളി പഞ്ചാ. പ്രസിഡന്റ് രാജിവച്ചു

Tuesday 30 December 2025 3:01 AM IST

പാലക്കാട്: കോൺഗ്രസിൽ നിന്ന് കൂറുമാറി സി.പിഎം പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എൻ.കെ. മഞ്ജു രാജിവച്ചു. അയോഗ്യയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് രാജി. ഇന്നും നാളെയും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരിക്കുമെന്ന് മഞ്ജു പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിർദ്ദേശിച്ചപ്പോൾ എൽ.ഡി.എഫ് മെമ്പർമാർ പിന്തുണ നൽകുക മാത്രമാണുണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പത്ത് സീറ്റും എൽ.ഡി.എഫിന് ഒമ്പത് സീറ്റും ബി.ജെ.പിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. മഞ്ജുവിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി എൽ.ഡി.എഫ് അധികാരം പിടിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കെയാണ് മഞ്ജു രാജിവച്ചത്.