ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു: ഹിന്ദു കുടുംബങ്ങളുടെ വീടുകൾ കത്തിച്ചു

Tuesday 30 December 2025 7:06 AM IST

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു വിഭാഗക്കാരുടെ വീടുകൾക്ക് നേരെ വീണ്ടും ആക്രമണം. പിരോജ്പ്പൂർ ജില്ലയിലെ പശ്ചിം ദുമ്രിതല ഗ്രാമത്തിൽ ഒരു ഹിന്ദു കുടുംബത്തിന്റെ അഞ്ച് വീടുകളാണ് ശനിയാഴ്ച പുലർച്ചെ കത്തിച്ചത്. ആളപായമില്ല. പെട്രോളിൽ മുക്കിയ തുണികൾ കത്തിച്ച് വീടുകളിലേക്ക് എറിയുകയായിരുന്നു. വീടുകൾ പരസ്പരം അടുത്ത് സ്ഥിതി ചെയ്തിരുന്നതിനാൽ തീ വേഗത്തിൽ പടർന്നെങ്കിലും ഷീറ്റുകൾ തകർത്ത് താമസക്കാർ പുറത്തേക്ക് രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. താമസക്കാർ പുറത്തുകടക്കാതിരിക്കാൻ അക്രമികൾ വീടിന്റെ പുറത്തുനിന്നും പൂട്ടിയെന്നും റിപ്പോർട്ടുണ്ട്.

അതേസമയം,തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസും അഗ്നിരക്ഷാ സേനയും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ ചിറ്റഗോങ്ങിലെ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി ഹിന്ദുക്കളുടെ ഏഴ് വീടുകൾക്ക് നേരെയും തീവയ്പുണ്ടായി. അതേസമയം, സംഭവത്തിൽ ഇടക്കാല സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആ​ക്ര​മ​ണ​ങ്ങൾ തുടർക്കഥ  കഴിഞ്ഞ ആറ് മാസത്തിനിടെ മതനിന്ദ ആരോപിച്ച് ഹിന്ദുക്കൾക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങൾ - 71

 11 മാസത്തിനിടെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ - 2,673

 11 മാസത്തിനിടെ കൊല്ലപ്പെട്ട ന്യൂനപക്ഷ വിഭാഗക്കാർ - 90

(ഹ്യൂമൻ റൈറ്റ്സ് കോൺഗ്രസ് ഫോർ ബംഗ്ലാദേശ് മൈനോരിറ്റീസ്, ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്റ്റ്യൻ യൂണിറ്റി കൗൺസിൽ എന്നിവരുടെ കണക്കുകൾ)

താരിഖ് റഹ്‌മാൻ

മത്സരിക്കും

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ ഫെബ്രുവരി 12ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കും. ധാക്ക -17,​ ബോഗ്ര - 6 മണ്ഡലങ്ങളിൽ നിന്നാണ് മത്സരം. റഹ്മാൻ ഇന്നലെ നോമിനേഷൻ സമർപ്പിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായി

കൈകോർത്ത് ജെൻ സി പാർട്ടി

ജമാഅത്തെ ഇസ്ലാമി പാർട്ടിയുമായി സഖ്യം രൂപീകരിച്ച് നാഷണൽ സിറ്റിസൺസ് പാർട്ടി (എൻ.സി.പി)​. 2024 ആഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തെ താഴെയിറക്കിയ ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ വിദ്യാർത്ഥികൾ രൂപീകരിച്ച പാർട്ടിയാണ് എൻ.സി.പി. ഹസീന തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിലക്കിയ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം ഇടക്കാല സർക്കാരാണ് നീക്കിയത്.

സർക്കാരിന്

അന്ത്യശാസനം

ഇടക്കാല സർക്കാരിന് വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ ഇൻക്വിലാബ് മാഞ്ച പാർട്ടിയുടെ അന്ത്യശാസനം. 24 ദിവസത്തിനുള്ളിൽ ഹാദിയുടെ കൊലയാളികളെ പിടികൂടണമെന്ന് ഇവർ ഇന്നലെ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.