ട്രംപ്-സെലെൻസ്‌കി ചർച്ച: വഴിത്തിരിവില്ല, തടസങ്ങൾ ബാക്കി
വാഷിംഗ്ടൺ: യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും തമ്മിൽ നടത്തിയ ചർച്ചയിൽ കാര്യമായ വഴിത്തിരിവില്ല. സമാധാന കരാറിന് വളരെ അടുത്തെത്തിയെന്നും എന്നാൽ ഇനിയും തടസങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഇന്നലെ ഫ്ലോറിഡയിൽ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരത്തെ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യൂറോപ്പും യുക്രെയിനും സംയുക്തമായി ഭേദഗതികൾ വരുത്തിയ ഇതിന്റെ പുതിയ പതിപ്പ് ചർച്ചയായി. കരാറിലെ 90 ശതമാനം വ്യവസ്ഥകളിലും ധാരണയായെന്ന് സെലെൻസ്കി പറയുന്നു. ഭാവിയിൽ റഷ്യൻ ആക്രമണം ആവർത്തിക്കാതിരിക്കാൻ 15 വർഷത്തേക്ക് സുരക്ഷാ ഗ്യാരന്റി യു.എസ് വാഗ്ദ്ധാനം ചെയ്തെന്നും വ്യക്തമാക്കി. 50 വർഷത്തെ സുരക്ഷാ ഗ്യാരന്റികളാണ് സെലെൻസ്‌കി ആവശ്യപ്പെട്ടത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ യൂറോപ്യൻ നേതാക്കളുമായി ഇരുവരും വെർച്വലായി സംസാരിച്ചു. തുടർ നടപടികൾക്കായി യുക്രെയിൻ, യു.എസ് ഉദ്യോഗസ്ഥർ അടുത്ത ആഴ്ച യോഗം ചേരും. ജനുവരിയിൽ വാഷിംഗ്ടണിൽ സെലെൻസ്കിയേയും യൂറോപ്യൻ നേതാക്കളെയും പങ്കെടുപ്പിച്ച് സമാധാന ചർച്ച നടത്താമെന്നും ട്രംപ് നിർദ്ദേശിച്ചു.
# ഡോൺബാസിൽ പിടിമുറുക്കി റഷ്യ
റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയിനിലെ ഡോൺബാസ് പ്രദേശത്തെയും (ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകൾ ചേർന്നത്) സെപൊറീഷ്യ ആണവ നിലയത്തെയും ചൊല്ലി ഭിന്നത തുടരുന്നു
ഡോൺബാസ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിൽ റഷ്യ. യുക്രെയിന്റെ ഭാഗത്ത് വിട്ടുവീഴ്ച വേണമെന്ന് ട്രംപ് ആവർത്തിച്ചു. കൂടുതൽ പ്രദേശങ്ങൾ യുക്രെയിന് നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ്
ഏതാനും ആഴ്ചകൾക്കുള്ളിൽ കരാറിലെത്താൻ കഴിഞ്ഞേക്കാമെന്ന് ട്രംപ്. എന്നാൽ വഴിത്തിരിവ് ഒരിക്കലും ഉണ്ടാകാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി
# താത്കാലിക വെടിനിറുത്തൽ ഇല്ല
ഏതൊരു സമാധാന കരാറിനും യുക്രെയിൻ ജനതയുടെ അംഗീകാരം വേണമെന്നും ഇതിനായി രാജ്യത്ത് ഹിതപരിശോധന വേണമെന്നും സെലെൻസ്കി പറഞ്ഞു. ഹിതപരിശോധനയ്ക്ക് 60 ദിവസത്തെ വെടിനിറുത്തൽ സെലെൻസ്കി ആവശ്യപ്പെട്ടു. എന്നാൽ താത്കാലിക വെടിനിറുത്തൽ റഷ്യ തള്ളി.
# പുട്ടിന്റെ വസതിക്ക് നേരെ യുക്രെയിന്റെ ആക്രമണശ്രമം
നുണയെന്ന് സെലെൻസ്‌കി
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതി ആക്രമിക്കാൻ യുക്രെയിൻ ശ്രമിച്ചെന്ന് ആരോപണം. ഞായറാഴ്ച അർദ്ധരാത്രിയും ഇന്നലെ പുലർച്ചെയുമായി യുക്രെയിനിൽ നിന്നുള്ള 91 ദീർഘ ദൂര ഡ്രോണുകൾ നോവ്‌ഗൊറോഡ് മേഖലയിലെ പുട്ടിന്റെ ഔദ്യോഗിക വസതിയെ ലക്ഷ്യമാക്കിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ് പറഞ്ഞു. എല്ലാ ഡ്രോണുകളെയും റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നും ലവ്റൊവ് വ്യക്തമാക്കി. സംഭവ സമയം പുട്ടിൻ വസതിയിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഉടൻ തിരിച്ചടി നൽകുമെന്ന് ലവ്റൊവ് മുന്നറിയിപ്പ് നൽകി. അതേ സമയം, ആരോപണം പൂർണമായും നുണയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു. യുക്രെയിന് നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാൻ റഷ്യ കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും സമാധാന ചർച്ചകൾക്ക് തുരങ്കം വയ്ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.