ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി  ബീഗം ഖാലിദ സിയ  അന്തരിച്ചു

Tuesday 30 December 2025 7:46 AM IST

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ ആയിരുന്നു. ഇന്നുരാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധയുണ്ടായതിനെത്തുടർന്ന് നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു.

ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം, വൃക്ക രോഗം, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന വിട്ടുമാറാത്ത പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി വളരെക്കാലമായി പോരാടുകയായിരുന്നു ഖാലിദ സിയ. ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അവരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നു. ഈ മാസമാദ്യം അവരെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരോഗ്യം മോശമായതിനാൽ സാധിച്ചില്ല.