നവദമ്പതികളുടെ ആത്മഹത്യ: ഹണിമൂൺ യാത്രയ്ക്കിടെ വില്ലനായത് വിവാഹത്തിന് മുൻപുള്ള  സൗഹൃദം

Tuesday 30 December 2025 11:09 AM IST

ബംഗളൂരു/നാഗ്പൂർ: ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത നവവധുവിന്റെ ഭർത്താവിനെ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് നാഗ്പൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബംഗളൂരു സ്വദേശികളായ സൂരജ് ശിവണ്ണ (35), ഭാര്യ ഗാനവി എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ജീവിതം അവസാനിപ്പിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ നാഗ്പൂരിലെ ഹോട്ടൽ മുറിയിലായിരുന്നു സൂരജ് ജീവനൊടുക്കിയത്.

ശ്രീലങ്കയിലെ ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടായ തർക്കങ്ങളും വെളിപ്പെടുത്തലുകളുമാണ് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 29നായിരുന്നു ഓൺലൈൻ ഡെലിവറി സർവീസ് ഫ്രാഞ്ചൈസി ഉടമയായ സൂരജും എംബിഎ ബിരുദധാരിയായ ഗാനവിയും വിവാഹിതരാകുന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. തുടർന്ന് പത്ത് ദിവസത്തെ ഹണിമൂണിനായി ദമ്പതികൾ ശ്രീലങ്കയിലേക്ക് പോയി.

യാത്രയ്ക്കിടെ ഗാനവിയുടെ വിവാഹത്തിന് മുൻപുള്ള സൗഹൃദത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായതായി പറയപ്പെടുന്നു. ബന്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഗാനവി, വിവാഹജീവിതം തുടരാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ പത്ത് ദിവസത്തെ യാത്ര അഞ്ച് ദിവസമായി ചുരുക്കി ഇരുവരും മടങ്ങുകയായിരുന്നു. ബംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം കുടുംബാംഗങ്ങൾ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അന്ന് രാത്രി തന്നെ സ്വന്തം വീട്ടിലേക്ക് പോയ ഗാനവി അവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഗാനവിയുടെ മരണത്തിന് പിന്നാലെ, സൂരജിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതോടെ സൂരജും കുടുംബവും കടുത്ത സമ്മർദത്തിലായി. അറസ്റ്റ് പേടിച്ചും ഗാനവിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നുള്ള ഭീഷണിയെത്തുടർന്നും സൂരജും മാതാവ് ജയന്തിയും സഹോദരൻ സഞ്ജയും ബംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടു.

ഹൈദരാബാദ് വഴി ഇവർ നാഗ്പൂരിലെത്തി ഒരു ഹോട്ടലിൽ മുറിയെടുത്തു. ശനിയാഴ്ച പുലർച്ചെ സൂരജിനെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ മൃതദേഹം കണ്ട് തളർന്ന മാതാവ് ജയന്തിയും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിന്റെ എല്ലാ ചെലവുകളും തങ്ങളാണ് വഹിച്ചതെന്നും സൂരജിന്റെ സഹോദരൻ സഞ്ജയ് പറഞ്ഞു. ഗാനവിയുടെ ബന്ധുക്കൾ വീട് ആക്രമിച്ചതായും തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സഞ്ജയ് ആരോപിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരു പൊലീസുമായി സഹകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.