കടുവ കട്ടിലിൽ, വീട്ടുകാർ മേൽക്കൂരയിൽ; നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ
ഉമരിയ (മദ്ധ്യപ്രദേശ്): നാട്ടിലിറങ്ങിയ കടുവ യുവാവിനെ ആക്രമിച്ച ശേഷം വീട്ടിൽ കയറി മുറിയിൽ ഇരിപ്പുറപ്പിച്ചു. ഇന്നലെ രാവിലെ മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡ് ടൈഗർ റിസർവിനോട് ചേർന്നുള്ള ഗ്രാമത്തിലാണ് കടുവ ഭീതി പരത്തിയത്. കടുവ കട്ടിലിൽ ഇരിപ്പുറപ്പിച്ചതോടെ മേൽക്കൂരയിലാണ് വീട്ടുകാർ അഭയം തേടിയത്.
പൻപഥ ബഫർ സോണിൽ നിന്ന് കൃഷിയിടം വഴിയാണ് കടുവ ഗ്രാമത്തിലിറങ്ങിയത്. നാട്ടുകാർ കടുവയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഗോപാൽ കോൾ എന്ന യുവാവിനെ കടുവ ആക്രമിച്ചു. ഒറ്റയടിക്കാണ് കടുവ ഇയാളെ നിലത്തുവീഴ്ത്തിയത്. ആക്രമണത്തിൽ ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്.
യുവാവിനെ ആക്രമിച്ച കടുവ പിന്നീട് സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് കടക്കുകയായിരുന്നു. വീടിനകത്ത് കയറിയ കടുവ കട്ടിലിൽ ശാന്തനായി ഇരിപ്പുറപ്പിച്ചതോടെ വീട്ടുകാരും അയൽവാസികളും പരിഭ്രാന്തരായി വീടിന്റെ മേൽക്കൂരയിലേക്ക് ഓടിക്കയറി.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി. ഏകദേശം എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകുന്നേരത്തോടെയാണ് കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്. നാട്ടുകാർ കൂട്ടംകൂടിയതോടെ ഭയന്ന കടുവ ഗ്രാമത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ബാന്ധവ്ഗഡ് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പികെ വർമ്മ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 26നും സമാനമായ രീതിയിൽ പെൺകടുവയെ ജനവാസ മേഖലയിൽ നിന്ന് പിടികൂടി മാധവ് ടൈഗർ റിസർവിലേക്ക് മാറ്റിയിരുന്നു. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കടുവയുടെ ശല്യം പതിവാകുന്നതായാണ് ഗ്രാമവാസികളുടെ പരാതി.