'രോഗമോ  പ്രകൃതിദുരന്തമോ, ഒരു നഗരം പൂർണമായും നശിക്കും'; 2026ൽ സംഭവിക്കാൻ പോകുന്നത്

Tuesday 30 December 2025 12:14 PM IST

2026 പിറക്കാൻ ഇനി വെറും ഒരു ദിവസം മാത്രം. ഓരോ പുതുവർഷ പിറവിയെയും പുത്തൻ പ്രതീക്ഷകളോടെയാണ് നാം വരവേൽക്കുന്നത്. ഇതിനിടെ കടന്നുപോയ വർഷത്തെ പറ്റിയും വരാനിരിക്കുന്ന വർഷത്തെയും പറ്റിയും കൗതുകകരമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.

അത്തരത്തിൽ പുതുവർഷത്തിന് മുന്നോടിയായി ചില പ്രവചനങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പേരിലെ ചില പ്രവചനങ്ങളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസ് അവ പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവർ നിരവധിയാണ്.

ആരാണ് നോസ്ട്രഡാമസ്

1503ൽ ഫ്രാൻസിൽ ജനിച്ച നോസ്ട്രഡാമസ് ഒരു ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്നു. മൈക്കൽ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ 'ലെസ് പ്രൊഫെറ്റീസ്' എന്ന പേരിൽ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

1666ൽ ലണ്ടൻ നഗരത്തിലെ തീപിടിത്തം, ജോൺ എഫ്. കെന്നഡിയുടെ വധം, ഹിറ്റ്ലർ, ഫ്രഞ്ച് വിപ്ലവം, നേപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റംബോംബ് ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തം, കൊവിഡ് മഹാമാരി,​ യുക്രെയിൻ യുദ്ധം തുടങ്ങിയവ ഒക്കെ നോസ്ട്രഡാമസിന്റെ പ്രവചങ്ങളുമായി ബന്ധിപ്പിക്കുന്നവർ ഏറെയാണ്.

സ്വന്തം മരണം പോലും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായാണ് മറ്റൊരു വാദം. 1566 ജൂലായ് 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് അന്തരിച്ചത്. നോസ്ട്രഡാമസിന്റെ കല്ലറ ഇന്നും ദക്ഷിണ ഫ്രാൻസിൽ കാണാം. നോസ്ട്രഡാമസിന്റെ കൃതിയിൽ നാലുവരി വീതമുള്ള കവിതകൾ കാണാം. ഇവ അവ്യക്തവും അർത്ഥം മനസിലാക്കാൻ വളരെ പ്രയാസമുള്ളതുമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ ഒന്നും വരികളിൽ കാണാനാകില്ല.

അതുകൊണ്ടുതന്നെ ഇവ എങ്ങനെ പ്രവചനങ്ങളായി കണക്കാക്കുമെന്നാണ് പലരും ചോദിക്കുന്നത്. നോസ്ട്രഡാമസിന്റെ കവിതകളിലെ യാഥൃശ്ചികതയെ ലോകത്തുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്താനാണ് പലരും ശ്രമിക്കുന്നതെന്നും എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും ഗവേഷകർ പറയുന്നു.

2026ലെ പ്രവചനങ്ങൾ

  1. 2026ൽ ഒരു മഹായുദ്ധം നടക്കുമെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. 'seven months great war, people dead through evil / Rouen, Evreux the King will not fail'- ഏഴ് മാസം നീണ്ടുനിൽക്കുന്ന ഒരു മഹായുദ്ധത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചിലർ റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്നുകൊണ്ടിരിക്കുന്ന യുദ്ധവുമായി ബന്ധിപ്പിച്ചും പറയുന്നുണ്ട്.
  2. 'the great swarm of bees' - രാത്രിയിൽ വലിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം എന്ന പരാമർശം അദ്ദേഹം നടത്തിയിട്ടുണ്ട്. ഇത് ഡ്രോൺ യുദ്ധവുമായി ആളുകൾ ബന്ധിപ്പിക്കുന്നു. തേനീച്ച ചരിത്രപരമായി സാമ്രാജ്വത്തെ പ്രതിനിധികരിക്കുന്നു.
  3. 'The great man will be struck down in the day by a thunderbolt.' - ലോകത്തെ ആ മഹാനായ മനുഷ്യൻ മരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആളുകൾ പറയുന്നു. അപ്രതീക്ഷിതമായി ലോകത്തെ ശക്തനായ ഒരു വ്യക്തിമരിക്കുമെന്നാണ് സൂചന നൽകുന്നത്.
  4. 'Because of the favour that the city will show… the Ticino will overflow with blood'- നഗരം രക്തത്താൽ നിറയുന്നു. ഇത് സ്വിറ്റ്സർലൻഡിലെ ഇറ്റാലിയൻ സംസാരിക്കുന്ന കന്റോണായ ടിസിനോ എന്ന നഗരത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഈ നഗരം നശിക്കുമെന്നും യുദ്ധമോ രോഗമോ പ്രകൃതിദുരന്തമോ സംഭവിക്കുമെന്നും സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു.