ലാലു മോനെ തലോടുന്ന ശാന്തസൗകുമാര്യം
മോഹൻലാൽ എന്ന മഹാനടന്റെ വളർച്ചയുടെ ഒരോ ഘട്ടത്തിലും തണലായി നി ന്ന അമ്മ ശാന്തകുമാരി ഇനി ഒാർമ
''എനിക്കുള്ളൊരു സങ്കടം അതുമാത്രം. പത്തുവർഷമായി അമ്മ കിടപ്പിൽ ആണ് . "" കണ്ണുകൾ നിറഞ്ഞു മോഹൻലാൽ പറയുന്നത് ആരാധകർ മറന്നിട്ടില്ല. മോഹൻലാലിനെ പോലെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി . എത്ര തിരക്കുകൾക്കിടയിലും അമ്മയെ കാണാനും ഒപ്പം സമയം ചിലവഴിക്കാനും മോഹൻലാൽ എത്തുമായിരുന്നു. അമ്മയുടെ എല്ലാ പിറന്നാൾ സദ്യയ്ക്കും മുടങ്ങാതെ എത്തുന്ന മോഹൻലാൽ . ശാന്തകുമാരിക്ക് മോഹൻലാൽ ലാലു മോൻ ആണ്. അച്ഛനെയും സഹോദരനെയും വർഷങ്ങൾക്കു മുൻപുതന്നെ നഷ്ടപ്പെട്ട മോഹൻലാലിന് എല്ലാം അമ്മയായിരുന്നു. ഒരു ഓണം പോലും മുടക്കാതെ അമ്മയോടൊപ്പം സദ്യ കഴിച്ചിരുന്ന മോഹൻലാലിനെ പ്രിയപ്പെട്ടവർക്ക് അറിയാം . കണ്ണുകളിലൂടെ താൻ അമ്മയോട് സംസാരിക്കാറുണ്ടെന്നും കണ്ണിൽ നോക്കിയിരിക്കുമ്പോൾ താൻ ആ സ്നേഹവും വാത്സല്യവും അറിയുന്നുവെന്ന് രണ്ടുവർഷം മുമ്പ് മോഹൻലാൽ കുറിച്ചു. അമ്മയുടെ സ്പർശനത്തിലും തലോടലിലും തലയിളക്കലിലും ആ ഭാഷ തിരിച്ചറിയാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും പണ്ട് അമ്മ ഉരുള ഉരുട്ടി നൽകിയതുപോലെ താൻ അമ്മയെ ഉൗട്ടാറുണ്ടെന്നും മോഹൻലാൽ വൈകാരികമായി കുറിച്ചു. ആദ്യ സംവിധാന സംരംഭമായ ബറോസ് ത്രീ ഡിയിൽ അമ്മയെ കാണിക്കാൻ മോഹൻലാൽ ആഗ്രഹിച്ചിരുന്നു. ബറോസിലെ പാട്ട് കേൾപ്പിക്കുകയും ചെയ്തു. തിയേറ്ററിൽ പോയി ബറോസ് കാണാൻ അമ്മയ്ക്ക് കഴിയാതെ പോയതിനെക്കുറിച്ച് മോഹൻലാൽ വേദനയോടെ പങ്കുവച്ചു . മോഹൻലാലിന്റെ സിനിമകൾ അധികവും ടിവിയിൽ ആണ് ശാന്തകുമാരി കണ്ടത്. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മോഹൻലാലിന്റെ കണ്ണുകൾ നിറയാറുണ്ടായിരുന്നു. അമ്മയുടെ പിറന്നാൾ ദിനം മാത്രമല്ല മാതൃദിനവും മോഹൻലാലിന് പ്രിയപ്പെട്ടതാണ്. മാതൃദിനത്തിൽ മുടങ്ങാതെ കുട്ടിക്കാലത്ത് അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു.ആദ്യകാല സിനിമകളിൽ കാണിച്ച പല ചേഷ്ടകളും അതേപോലെ വീട്ടിലും കാണിക്കുന്ന മകനായിരുന്നു മോഹൻലാൽ എന്ന് ശാന്തകുമാരി പറഞ്ഞിരുന്നു.മോഹൻലാൽ എന്ന നടന്റെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും തണലായി ആ അമ്മ നിന്നു. മികച്ച മകനും മികച്ച അമ്മയുമായും ഇരുവരും ജീവിച്ചു. ജീവിതത്തിലെ ഏത് സന്തോഷ നിമിഷത്തിലും അമ്മയ്ക്ക് അരികിലേക്ക് മോഹൻലാൽ എത്താറുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ദാദാ സാഹേബ് ഫാൽകെ അവാർഡ് ലഭിച്ചപ്പോഴും മോഹൻലാൽ പതിവ് തെറ്റിച്ചില്ല.