2026ൽ തൂക്ക് സഭ?

Wednesday 31 December 2025 1:03 AM IST

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആ‌ർക്കാകും കേരളത്തിന്റെ ഭരണം ലഭിക്കുകയെന്ന ആകാംക്ഷയിലാണിപ്പോൾ രാഷ്ട്രീയ കക്ഷികൾ. ഇടതുമുന്നണിക്ക് മൂന്നാമൂഴം തുടർഭരണം ലഭിച്ചാൽ അത് കേരള ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും. 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിന് ഏറെ പ്രതീക്ഷയേകുന്നതാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് നിലവിൽ നിയമസഭയിൽ പ്രാതിനിധ്യം ഇല്ലെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ പത്തിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണവർ. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ സീറ്റും 20 ശതമാനം വോട്ടും നേടി വളർച്ചയുടെ ഗ്രാഫ് ഗണ്യമായി ഉയർത്തിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം 20 ൽ നിന്ന് 14.7 ശതമാനത്തിലേക്ക് താഴ്ന്നത് പാർട്ടിയെയും മുന്നണിയെയും അല്പം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ വിജയവും കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിലെ സീറ്റ് നില വർദ്ധിപ്പിച്ചതും പ്രതീക്ഷ പകരുന്നതായി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് രീതി തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് തീർത്തും വ്യത്യസ്ഥമായിരിക്കുമെന്നതിലാണ് മുന്നണിയുടെ പ്രതീക്ഷ. പത്ത് നിയമസഭാ സീറ്റുകളെങ്കിലും എൻ.ഡി.എ മുന്നണിക്ക് ലഭിച്ചാൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറും. ഒരു തൂക്ക് സഭയിലേക്ക് പോകാനുള്ള സാദ്ധ്യത വരെ തള്ളി കളയാീ നാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

യു.ഡി.എഫ് മേൽക്കോയ്മ തുടരുമോ ?

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മേൽക്കോയ്മ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ 5 വർഷത്തിലും ഇടത്, വലത് മുന്നണികൾക്ക് മാറിമാറി ഭരണം ലഭിക്കുന്നതായിരുന്നു കേരളത്തിലെ സ്ഥിതി. അതിനൊരു മാറ്റം വന്നത് 2021 ൽ എൽ.ഡി.എഫിന് രണ്ടാമൂഴം ലഭിച്ചതോടെയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ വളർച്ചയെ ആസ്പദമാക്കിയാകും ഇനിയുള്ള തിരഞ്ഞെടുപ്പുകളുടെ ദിശാസൂചിക. വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനാകുമോ എൽ.ഡി.എഫിനാകുമോ ഭരണം ലഭിക്കുകയെന്നത് ബി.ജെ.പിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിൽ ബി.ജെ.പി 20 ശതമാനത്തോളം വോട്ട് നേടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, പാലക്കാട് ജില്ലകളിൽ എൽ.ഡി.എഫിനാണ് യു.ഡി.എഫിനെക്കാൾ മുൻതൂക്കം ലഭിച്ചത്. കോഴിക്കോട് ഇടതും വലതും ഏതാണ്ട് തുല്യനിലയിലാണ്. 20 ശതമാനത്തോളം വോട്ട് നേടിയ ബി.ജെ.പി ക്ക് ഏഴോളം ജില്ലകളിലെ 35 ലേറെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കാനാകും. പത്തോളം സീറ്റുകളിൽ വിജയസാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഈ സാഹചര്യം സംജാതമായാൽ 2026 ൽ കേരളം ഒരു തൂക്ക്സഭയ്ക്ക് വേദിയാകാനുള്ള സാദ്ധ്യത ഏറെയാണ്. ബി.ജെ.പിയുടെ വളർച്ച ഇരുമുന്നണികളിലെയും വോട്ട് ചോർത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 89.69 ലക്ഷം വോട്ടുകളും എൽ.ഡി.എഫ് 82.16 ലക്ഷം വോട്ടുകളും എൻ.ഡി.എ 32.17 ലക്ഷം വോട്ടുകളുമാണ് കരസ്ഥമാക്കിയത്. ഇടത്, വലത് മുന്നണികൾ തമ്മിൽ നിലവിൽ ഏഴര ലക്ഷം വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിലും ഇതിൽ 6 ലക്ഷം വോട്ടുകളും മലപ്പുറം ജില്ലയിൽ നിന്നാണ്. മലപ്പുറം കഴിഞ്ഞാൽ എറണാകുളത്താണ് ഇരുമുന്നണികളും തമ്മിൽ 1.40 ലക്ഷം വോട്ടുകളുടെ വ്യത്യാസമുള്ളത്. കോട്ടയത്ത് 58,545 വോട്ടിന്റെയും കാസർകോട് 58,477 വോട്ടിന്റെയും പത്തനംതിട്ടയിൽ 49,305 വോട്ടിന്റെയും വയനാട്ടിൽ 47,300 വോട്ടിന്റെയും വ്യത്യാസമാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ളത്. മലപ്പുറം, എറണാകുളം ജില്ലകൾക്ക് പുറത്ത് യു.ഡി.എഫിന് വലിയ മേൽക്കോയ്മയില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ 2026 ലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങൾക്കപ്പുറമായിരിക്കും.

36 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് നിർണായകം

ബി.ജെ.പിക്ക് 30,000 മുതൽ 50,000 വരെ വോട്ടുകൾ ലഭിച്ച 36 മണ്ഡലങ്ങളിലാകും ബി.ജെ.പി വോട്ടുകൾ ഇടത്, വലത് മുന്നണികളുടെ ജയ, പരാജയ സാദ്ധ്യത നിർണയിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ നില അനുസരിച്ചാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട്നില ഉയർന്നാൽ ഇടത്, വലത് മുന്നണികളുടെ വിജയത്തെ സാരമായി ബാധിക്കും. തിരുവനന്തപുരം ജില്ലയിലെ നേമം(49,867), കാട്ടാക്കട(46,372), കഴക്കൂട്ടം(40,582), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ(41,674), പാലക്കാട് ജില്ലയിലെ മലമ്പുഴ(45,530), കാസർകോട് ജില്ലയിലെ കാസർകോട്(44,192), മഞ്ചേശ്വരം(47,071) എന്നീ 7 മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് 40,000ന് മേൽ വോട്ട് ലഭിച്ചത്. ബി.ജെ.പി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം ജില്ലയിൽ 25.08 ശതമാനം വോട്ട് നേടിയപ്പോൾ യു.ഡി.എഫ് 35.16 ശതമാനവും എൽ.ഡി.എഫ് 37. 33 ശതമാനവും വോട്ട് നേടി. മലപ്പുറത്താണ് യു.ഡി.എഫിന് 56.18 ശതമാനം വോട്ട് ലഭിച്ചത്.

യു.ഡി.എഫ് തരംഗം ന്യൂനപക്ഷ മേഖലകളിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയെങ്കിലും തരംഗം എന്ന് വിശേഷിപ്പിക്കാവുന്ന വിജയമുണ്ടായത് ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിലാണ്. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ 5 ജില്ലകളിലാണ് യു.ഡി.എഫിന്റെ സമ്പൂർണ ആധിപത്യം ഉണ്ടായത്. ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും നേട്ടമുണ്ടായി. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മലപ്പുറം ജില്ലയിലുണ്ടായത്. ജില്ലയിലെ 93 ഗ്രാമപഞ്ചായത്തുകളിൽ 89 ലും ജില്ലാപഞ്ചായത്തിലെ മുഴുവൻ സീറ്റിലും 15 ൽ 14 ബ്ളോക്ക് പഞ്ചായത്തിലും 12 ൽ 11 മുനിസിപ്പാലിറ്റികളിലും യു.ഡി.എഫാണ് വിജയിച്ചത്. ക്രൈസ്തവ ആധിപത്യമുള്ള എറണാകുളത്തും മലപ്പുറം മാതൃകയാണ് ആവർത്തിച്ചത്. 69 ഗ്രാമപഞ്ചായത്തുകൾ, 12 ബ്ളോക്ക് പഞ്ചായത്തുകൾ, എറണാകുളം ജില്ലാ പഞ്ചായത്ത്, 12 ൽ 10 മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ എന്നിവ യു.ഡി.എഫ് നേടി.

ന്യൂനപക്ഷ ഏകീകരണം ഗുണകരമോ ?

ഇടത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം എന്നതിലുപരി ന്യൂനപക്ഷ വോട്ടുകളുടെ സമ്പൂർണമായ ഏകീകരണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായത്. ഇത് രാഷ്ട്രീയ കേരളത്തിന് ഗുണകരമാകുമോ എന്നതാണ് ഉയരുന്ന ആശങ്ക. മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ഈ രീതിയിൽ ഏകീകരിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഹൈന്ദവവോട്ടുകൾ മൂന്ന് മുന്നണികൾക്കുമായി ലഭിക്കുകയും ചെയ്തു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം പോലും ഹിന്ദുസമൂഹത്തെ കാര്യമായി സ്വാധീനിച്ചില്ലെന്ന് വേണം കരുതാൻ. മലപ്പുറം, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലുണ്ടായ ന്യൂനപക്ഷ ധൃവീകരണം ഹിന്ദു ഭൂരിപക്ഷ ജില്ലകളിൽ പ്രകടമായില്ല. മുസ്ലിം ലീഗിനെക്കൂടാതെ, ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ വോട്ടുകളെല്ലാം യു.ഡി.എഫിലേക്കൊഴുകി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി ലഭിച്ച ക്രൈസ്തവ വോട്ടുകൾ പോലും തദ്ദേശത്തിൽ ബി.ജെ.പിക്ക് ലഭിച്ചില്ല. രാഷ്ട്രീയേതരമായുണ്ടായ ന്യൂനപക്ഷ ഏകീകരണം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാദ്ധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇടത് സർക്കാരിനെതിരായ ജനരോഷവും കേന്ദ്ര ഭരണത്തോടുള്ള എതിർപ്പും ചേർന്നാണ് ന്യൂനപക്ഷ കേന്ദ്രങ്ങളിലെ ഏകീകരണം സംഭവിച്ചത്. വികസന രാഷ്ട്രീയത്തിനുപരിയായി മതാടിസ്ഥാനത്തിലുള്ള ധൃവീകരണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമായത്.

എസ്.ഐ.ആർ നിർണായകം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നടക്കുന്നത് തീവ്ര പരിശോധനയിലൂടെ പരിഷ്ക്കരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാകുമെന്നത് ഇടത്, വലത് മുന്നണികളെയാണ് ആശങ്കപ്പെടുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്ഥമായി സംസ്ഥാനത്താകെ 20 ലക്ഷത്തോളം വോട്ടർമാരാണ് നിലവിലുള്ള പട്ടികയിൽ നിന്ന് പുറത്താകുന്നത്. ശുദ്ധീകരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ആർക്കാണ് അനുകൂലമാകുക, ആർക്കാണ് പ്രതികൂലമാകുക എന്നത് പ്രവചനാതീതമായിരിക്കും. തദ്ദേശഫലത്തിന്റെ തനിയാവർത്തനമാകില്ല നിയമസഭാ ഫലം എന്നാണ് വിലയിരുത്തുന്നത്.