കരൂർ ദുരന്തം:വിജയ്‌ക്ക് നോട്ടീസ് അയയ്ക്കാൻ സി.ബി.ഐ
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്‌ക്ക് നോട്ടീസ് അയക്കാൻ സി.ബി.ഐ നീക്കം. ജനുവരിയിൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന. നേരിട്ടു ഹാജരാകാൻ അടുത്ത ദിവസങ്ങളിൽ നോട്ടീസ് നൽകിയേക്കും. ടി.വി.കെ പാർട്ടിയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്‌തു. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറൽ സെക്രട്ടറി ആദവ് അർജുന, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ നിർമ്മൽ കുമാർ, കരൂർ വെസ്റ്ര് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയരിൽ നിന്ന് മൊഴിയെടുത്തുവെന്നാണ് വിവരം. കരൂർ ജില്ലാ കളക്‌ടർ എം. തങ്കവേൽ, കരൂർ സിറ്റി എസ്.പി മണിവണ്ണൻ, എ.എസ്.പി പ്രേമാനന്ദൻ തുടങ്ങിയ ഉദ്യോഗസ്ഥരിൽ നിന്നും സി.ബി.ഐ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടിൽ സി.ബി.ഐക്ക് ഓഫീസുണ്ടായിട്ടും നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്തുന്നതിൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടോയെന്ന സംശയമുയർന്നിട്ടുണ്ട്. സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും, 100ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.