കുൽദീപിനെ തൂക്കിക്കൊല്ലണം: ഉന്നാവ് അതിജീവിതയുടെ മാതാവ്
ന്യൂഡൽഹി: ഉന്നാവ് കേസ് കുറ്റവാളിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിനെ തൂക്കിക്കൊല്ലണമെന്ന് ഉന്നാവ് അതിജീവിതയുടെ മാതാവ്. തന്റെ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അങ്ങനെ മാത്രമേ പരിഹാരമുണ്ടാകൂ. കുൽദീപിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌ത ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത സുപ്രീംകോടതി നടപടി സ്വാഗതാർഹമാണ്. നീതി ഉറപ്പാകുമെന്നാണ് പ്രതീക്ഷ. നീതിയിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. തന്റെ ഭർത്താവിനെയും കൊന്നുകളഞ്ഞു. ആ കേസിലും ശിക്ഷ അനുഭവിക്കുകയാണ് മുൻ എം.എൽ.എ. താൻ മകൾക്കൊപ്പം ഡൽഹിയിൽ തന്നെ തുടരുമെന്നും മാതാവ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. കുൽദീപിന് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുവെന്ന് കുൽദീപിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നായിരുന്നു ഇതിനോട് സുപ്രീംകോടതിയുടെ പ്രതികരണം. ജഡ്‌ജിമാർ ദന്തഗോപുരങ്ങളിൽ താമസിക്കുന്നവരല്ല. കുൽദീപിനെ ശിക്ഷിച്ചതും ജുഡിഷ്യറി തന്നെയാണ്. ജഡ്‌ജിമാർക്ക് അബദ്ധവശാൽ തെറ്രുകൾ സംഭവിക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.