ഇലക്ട്രിക് ബസുകൾ വേണ്ടെന്നു വയ്ക്കരുത്
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമകരമായ പല പദ്ധതികളും നടപ്പാക്കുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. രാഷ്ട്രീയ കാരണങ്ങളാൽ വിവാദങ്ങൾ സൃഷ്ടിച്ച് പദ്ധതികൾ നടപ്പാക്കാതെ പോകുമ്പോൾ അതിന്റെ നഷ്ടം സാധാരണ ജനങ്ങൾക്കാണ് ഉണ്ടാകുന്നത്. എഴുപതു വയസ് കഴിഞ്ഞവർക്ക് ചികിത്സയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് ലഭിക്കുന്ന കേന്ദ്ര - സംസ്ഥാന പങ്കാളിത്തമുള്ള പദ്ധതി കേരളം ഇനിയും നടപ്പാക്കിയിട്ടില്ല. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും പദ്ധതിയിൽ ചേർന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നു. എഴുപതു കഴിഞ്ഞ ആർക്കും അവരുടെ വരുമാനം തടസമാകാതെ പദ്ധതിയിൽ ചേരാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതൊക്കെ നഷ്ടപ്പെടുത്തുന്നത് എന്തിന്റെ പേരിലായാലും ജനക്ഷേമകരമല്ലെന്നു തന്നെ പറയേണ്ടിവരും.
ഡ്രൈവറുടെ സേവനം അടക്കം ഇലക്ട്രിക് ബസുകൾ സൗജന്യമായി സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന 'പി.എം.ഇ ബസ് സേവാ" പദ്ധതിയിൽ നിലവിൽ കേരളം ചേർന്നിട്ടില്ല. ഇതുമൂലമുള്ള നഷ്ടം കേന്ദ്രത്തിനല്ല, കേരളത്തിനാണ് എന്ന് ഇവിടത്തെ ഭരണാധികാരികൾ തിരിച്ചറിയണം. കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെ സംസ്ഥാനത്തും അധികാരത്തിൽ വരണമെന്ന മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാൻ മാത്രമേ കേന്ദ്ര പദ്ധതികളോട് മുഖം തിരിഞ്ഞുനിൽക്കുന്ന ഇത്തരം ബലംപിടിത്തങ്ങൾ ഇടയാക്കൂ. വിവിധ സംസ്ഥാനങ്ങളിലെ 169 നഗരങ്ങളിലായി 10,000 ഇലക്ട്രിക് ബസുകൾ നൽകുന്ന പദ്ധതി 3600 ബസുകളുമായി 2023-ലാണ് തുടങ്ങിയത്. 57,613 കോടിയാണ് പദ്ധതിക്ക് ചെലവ്. ഇതിൽ 20,000 കോടി രൂപയുടെ കേന്ദ്ര സഹായം ഉണ്ടാകും. ബാക്കി സംസ്ഥാന സർക്കാരുകളും പങ്കാളികളും വഹിക്കണം.
ഈ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ മറ്റ് പല സംസ്ഥാനങ്ങൾക്കും ലഭിച്ചുകഴിഞ്ഞെങ്കിലും പദ്ധതിയുടെ ഭാഗമാകാത്തതിനാൽ കേരളത്തിന് ലഭിച്ചിട്ടില്ല. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനു പുറമെ ഡീസൽ ചെലവിലും വലിയൊരു തുക ഇലക്ട്രിക് ബസ് വരുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് ലാഭിക്കാനാവും. ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് കേന്ദ്ര സർക്കാരുമായി ചർച്ചനടത്തിയിരുന്നെങ്കിലും ധാരണയായിരുന്നില്ല. ഈ പദ്ധതി പ്രകാരം കേരളത്തിലെ പത്ത് നഗരങ്ങളിലേക്ക് 950 ഇലക്ട്രിക് ബസുകൾ ലഭിക്കേണ്ടതായിരുന്നു. പിന്നീട് കെ.ബി. ഗണേശ്‌കുമാർ മന്ത്രിയായപ്പോൾ പദ്ധതിയിൽ തത്‌കാലം ചേരേണ്ടതില്ലെന്ന തീരുമാനമാണെടുത്തത്.
ഇപ്പോൾ രണ്ടാം ഘട്ടം നൽകാനായി കേന്ദ്രം വീണ്ടും 10,000 ബസുകൾ വാങ്ങിയിട്ടുണ്ട്. ഇലക്ട്രിക് ബസ് സർവീസ് നടത്തിയാൽ മാസം 32 കോടി ലാഭിക്കാമെന്ന് കെ.എസ്.ആർ.ടി.സി തന്നെ ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ ഇലക്ട്രിക് ബസുകൾ വേണ്ടെന്നു വയ്ക്കുന്നത് ശരിയായ തീരുമാനമാവില്ല. 56 സീറ്റുള്ള ബസുകളും അവയുടെ അറ്റകുറ്റച്ചെലവും ചാർജിംഗ് സ്റ്റേഷനുകളും കേന്ദ്രമാണ് നൽകുന്നത്. കണ്ടക്ടറെ നിയമിക്കുന്നതിന്റെ ചെലവ് മാത്രമേ സംസ്ഥാനത്തിന് ബാദ്ധ്യതയായി വരൂ. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന 100 ഇലക്ട്രിക് ബസുകൾ ആദ്യഘട്ടത്തിൽ കേരളത്തിനു ലഭിച്ചതാണ്. കേന്ദ്രത്തിന്റെ ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിന് അർഹതപ്പെട്ട ഇലക്ട്രിക് ബസുകൾ നേടിയെടുക്കാനുള്ള നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.