സുപ്രീംകോടതിയുടെ നല്ല ഇടപെടൽ

Wednesday 31 December 2025 1:37 AM IST

ജനങ്ങൾ പ്രതീക്ഷിക്കുന്ന വിധി വരുമ്പോൾ നീതിപീഠത്തെ ശ്ളാഘിക്കുകയും വിപരീതമായത് വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്നതാണ് പൊതുവെ നിലവിലുള്ള സമൂഹത്തിന്റെ രീതി. കോടതികളെ ജനങ്ങൾ നിഷ്‌പക്ഷ മനസോടെ വീക്ഷിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഇത്തരം വിവാദങ്ങൾ. അതിരു കടക്കാതിരുന്നാൽ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം സംവാദങ്ങൾ ഇടനൽകുകയും ചെയ്യും. സുപ്രീംകോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമുണ്ടായ രണ്ട് വിധികളും ജനങ്ങളുടെ പൊതുവായ പ്രതീക്ഷയെ കെടുത്തുന്നതായിരുന്നില്ല എന്നത് വളരെ ആശ്വാസകരമായി. ആരവല്ലി, ഉന്നാവ് കേസുകളിൽ താഴെയുള്ള കോടതികളുടെ വിധികൾ തിരുത്തിക്കൊണ്ടുള്ള ഇടപെടലാണ് സുപ്രീംകോടതി നടത്തിയത്. 2017-ൽ ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ഉന്നാവ് കേസ് രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതാണ്.

രാഷ്ട്രീയ നേതാവും ബി.ജെ.പി മുൻ എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗർ പ്രതിസ്ഥാനത്തു വന്നതോടെയാണ് ഈ കേസിന് ദേശീയ ശ്രദ്ധ ലഭിച്ചത്. പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിനു പുറമെ, ആ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവുശിക്ഷ അനുഭവിക്കുന്ന ആളാണ് സെൻഗർ. നേരത്തേ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഈ കേസിന്റെ വിചാരണ ലക്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു. കോടതിയിൽ എത്തുന്നതിനായി ഉന്നാവ് പെൺകുട്ടിയും ബന്ധുക്കളും ഡൽഹിയിലേക്കു വന്ന വാഹനത്തിൽ നമ്പർപ്ളേറ്റില്ലാത്ത ലോറിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ബന്ധുക്കളായ രണ്ടു സ്‌ത്രീകൾ മരണപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നിലും സെൻഗറിന്റെ കരങ്ങളാണെന്ന ആരോപണവും കേസും ഉണ്ടായെങ്കിലും റോഡപകട കേസിൽ സെൻഗറിനെ കോടതി വെറുതെ വിടുകയാണുണ്ടായത്. മാനഭംഗ കേസിൽ സെൻഗറിനു ലഭിച്ച ശിക്ഷ സസ്‌പെൻഡ് ചെയ്തുകൊണ്ട് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി, കുറ്റവാളിക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം എം.എൽ.എ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി പെൺകുട്ടിയുടെ പിതാവിനെ വധിച്ച കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ആളാണ് പ്രതി എന്നത് പരിഗണിച്ചില്ല എന്നതും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പശ്ചിമേന്ത്യയിലെ പരിസ്ഥിതി സന്തുലനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ആരവല്ലി മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാനമായ ഇടപെടൽ നടന്നത്. അഞ്ഞൂറ് മീറ്റർ പരിധിയിൽ, നൂറുമീറ്ററിലേറെ പൊക്കമുള്ള രണ്ടോ അതിലേറെയോ കുന്നുകളുണ്ടെങ്കിലേ ആരവല്ലി മലനിരയായി കണക്കാക്കൂവെന്ന നിർവചനം നേരത്തേ നവംബർ 20-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചിരുന്നു. വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ ഉത്തരവാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. ഈ രണ്ട് കേസിലും അന്തിമ വിധി ഇനി വരാനിരിക്കുന്നതേയുള്ളൂ. അപ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്ന വിധി തന്നെ വരുമെന്ന് പറയാനുമാവില്ല. എന്നിരുന്നാലും സമയോചിതമായ സുപ്രീംകോടതി ഇടപെടൽ പ്രകീർത്തിക്കപ്പെടേണ്ടതു തന്നെയാണ്. കോൺസ്റ്റബിൾ പോലും പൊതുസേവകനാണെന്നിരിക്കേ എം.എൽ.എ അതല്ലെന്നത് ആശങ്കയുണ്ടാക്കുന്നു എന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും പൊതുസമൂഹത്തിന് ആശ്വാസം പകരുന്നതാണ്.