നാളെയുടെ ധർമ്മഗീതം

Wednesday 31 December 2025 1:43 AM IST

സ്വാമി ശുഭാംഗാനന്ദ

ജനറൽ സെക്രട്ടറി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ഗുരുദേവന്റെ വീക്ഷണത്തിലെ സ്വതന്ത്രനും സോദരത്വേന വാഴുന്നവനും പ്രബുദ്ധനുമായ മനുഷ്യൻ സമബുദ്ധിയും സമഭക്തിയും സമചിത്തതയുമുള്ള മനുഷ്യനാണ്. വിഭാഗീയതകളൊന്നും അവനെ സ്പർശിക്കുകയില്ല. അങ്ങനെയുള്ള മനുഷ്യരിൽ തത്വവേദികളായിട്ടുള്ളവരാണ് സൂക്ഷ്മമറിഞ്ഞവർ. സൂക്ഷ്മമറിഞ്ഞവൻ മതത്തിന് പ്രമാണമായിത്തീരണമെന്ന ഗുരുവിന്റെ നിരീക്ഷണത്തിന് ഇന്നും എന്നും പ്രാധാന്യമേറെയുണ്ട്. എന്തെന്നാൽ,​ സൂക്ഷ്മമറിയാത്തവന്റെ മതദർശനമാണ് ലോകത്താകെ നടമാടുന്ന മതപ്പോരുകൾക്ക് ആക്കവും തൂക്കവുമേകുന്നത്. എന്നാൽ,​ സൂക്ഷ്മമറിഞ്ഞവന്റെ മതബോധവും മതദർശനവും നമ്മെ പലമതസാരവുമേകം എന്ന മതമീമാംസയിലേക്ക് നയിക്കും. അപ്പോൾ മതത്തിനു മേൽ മനുഷ്യർ ഒന്നിക്കുന്നതിന്റെയും സമസ്ത മനുഷ്യരുടെയും നന്മയ്ക്കായി മതങ്ങൾ ഒരുമിക്കുന്നതിന്റെയും മംഗളകരമായ അനുഭവം യാഥാർത്ഥ്യമാകും.

ഈ യാഥാർത്ഥ്യം പ്രയോഗത്തിലും ജീവിതത്തിലും വരുത്തി സർവരും സോദരത്വേന പുലരാനാണ് ഗുരു 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് സർവമത സമ്മേളനം സംഘടിപ്പിച്ചത്. മതഭേദത്തിനും മതദ്വേഷത്തിനും ഇടവരുത്തുന്നതിനെയൊക്കെയും പാടേ നിരാകരിച്ച് മനുഷ്യരൊക്കെ ഒന്നാണെന്ന പരമസത്യം അറിയിക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റീരിയൻ ഹാളിൽ വച്ച് ലോകാദരണീയനായ ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദത്തോടെ ഒരു സർവമത സമ്മേളനം 2024 നവംബർ 30-ന് നടത്തപ്പെട്ടിരുന്നു. ഈ സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദ പ്രസംഗത്തിൽ മുഴുനീളം പ്രകാശം ചൊരിഞ്ഞത് ഗുരുദേവന്റെ മനുഷ്യഗന്ധമുള്ള സന്ദേശങ്ങളുടെ കാതലും കരുതലുമായിരുന്നു.

വിശിഷ്ടമായ

പശ്ചാത്തലം

നല്ല മാനവികതയ്ക്കായി മതങ്ങൾ ഒരുമിക്കണമെന്ന മാർപാപ്പയുടെ ഉദ്ബോധനം വർത്തമാന കാലത്തെ ഏറ്റവും മംഗളകരവും സുഗന്ധപൂരിതവുമായ ഒരു കേൾവിയായി. ഗുരുവിന്റെ വിശ്വമാനവിക ദർശനം ലോകത്തിനു മീതെ പതിയുവാൻ വലിയ അളവിൽ സഹായകമായ വത്തിക്കാൻ സമ്മേളനത്തിന്റെയും

അതിന്റെ തുടർച്ചയായി ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിലും നടന്ന സർവമത സമ്മേളനങ്ങളുടെയും മഹിത പശ്ചാത്തലത്തിലാണ് 93-ാം ശിവഗിരി തീർത്ഥാടനത്തിന് തിരി തെളി‍ഞ്ഞത്.

ശിവഗിരി തീർത്ഥാടനത്തിന്റെ ഉള്ളടക്കത്തിന് മറ്റു തീർത്ഥാടനങ്ങളെ അപേക്ഷിച്ച് ജീവിതഗന്ധമേകുന്നത് അതിന്റെ മഹിതമായ ലക്ഷ്യങ്ങളാണ്. ആത്മീയതയിൽ ലൗകികതയും ലൗകികതയിൽ ആത്മീയതയും ഒരുപോലെ സംഗമിക്കുന്ന വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴിൽ, കച്ചവടം, സാങ്കേതിക- ശാസ്ത്ര പരിശീലനം എന്നീ വിഷയങ്ങളെ ഗുരുദേവൻ തീർത്ഥാടന ലക്ഷ്യങ്ങളായി കല്‍പിച്ചത് തൽക്ഷണത്തിലാണ്! ശിവഗിരി തീർത്ഥാടനത്തിന്റെ അസ്തിത്വവും അടിത്തറയും ആത്മീയതയും ലൗകികതയും ഗുരുദേവൻ പുനരാവിഷ്കരിച്ച അദ്വൈത ദർശനത്തിന്റെ ഭദ്രതയിലാണ് നിലകൊള്ളുന്നത്.

ആന്തരിക

പരിവർത്തനം

ആന്തരികമായ പരിവർത്തനത്തിന്റെ പ്രകാശപരതയിൽ വേണം ഏതൊരു ഭൗതിക മാറ്റവും ഭൗതിക മുന്നേറ്റവും ഭൗതികാവബോധവും ഉണ്ടാവേണ്ടത്. അതില്ലാതെയും അതല്ലാതെയും സംഭവിക്കുന്ന യാതൊരു ഭൗതിക മാറ്റത്തിനും പരിവർത്തനത്തിനും സമൂഹത്തെ ദീർഘകാലം നേർദിശയിലേക്കോ നവോത്ഥാനത്തിലേക്കോ ഒത്തൊരുമയോടെ നയിക്കാനാവുകയില്ല. മനുഷ്യന്റെ ബാഹ്യ- ആഭ്യന്തര ശുദ്ധിക്കും അഭ്യുന്നതിക്കും ആധാരമായി നിലകൊള്ളുന്ന അടിസ്ഥാന വിഷയങ്ങളിൽ അവനെ പ്രബുദ്ധനും സ്വതന്ത്രനുമാക്കി പുനർനവീകരിക്കുക എന്നതായിരുന്നു ഗുരുദേവന്റെ ദൗത്യസങ്കല്പം. ആ ദീർഘദർശനത്തിൽ നിന്ന് പിറവികൊണ്ട ആധുനിക ലോകത്തെ ഏക തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനമെന്ന് ചിന്തിക്കുന്നവർക്ക് അസന്ദിഗ്ദ്ധമായി പറയാം.

സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഈ ലോകം പരിലസിക്കണം എന്നതായിരുന്നു ഗുരുവിന്റെ അഭിലാഷവും ലക്ഷ്യവും. ആ ചിരന്തനവും ആധുനികവുമായ ലക്ഷ്യത്തിന്റെ വിളംബരവും ആഹ്വാനവുമായിരുന്നു 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ. ഒരുപറ്റം ആളുകൾക്കു മാത്രം ആരാധിക്കുവാൻ അവകാശപ്പെട്ടതാക്കി നിലനിറുത്തിയിരുന്ന ദൈവത്തെ മനുഷ്യരായി പിറവിയെടുത്ത സകലർക്കും ആരാധിക്കുവാൻ അവകാശവും സ്വാതന്ത്ര്യവും നൽകുന്നതിനാണ് ആ പ്രതിഷ്ഠ നടത്തപ്പെട്ടത്. അതുകൊണ്ടുതന്നെ,​ അരുവിപ്പുറം പ്രതിഷ്ഠയെ ഹൈന്ദവ മാമൂലുകളുടെയും പുരാണ ദേവതാ സങ്കല്പങ്ങളുടെയും യാഥാസ്ഥിതിക പൗരോഹിത്യ പാരമ്പര്യങ്ങളുടെയും പിന്തുടർച്ചയിൽപ്പെടുന്ന കേവലം ദേവതാ പ്രതിഷ്ഠയായി വിലയിരുത്താനാവില്ല.

എന്തെന്നാൽ,​ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്ന, സത്യത്തിന്റെയും ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും പ്രസാദാത്മകത ചൊരിയുന്ന, ഭൂതവും ഭാവിയും വേറല്ലാതായിരിക്കുന്ന,​ നിത്യവർത്തമാനത്തിന്റെ പ്രസാദം വിതറുന്ന, സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമായി സർവ ചരാചരങ്ങളുടെയും ഉള്ളിലിരിക്കുന്ന, മായയും മായാവിയും മായാവിനോദനുമായി കാണപ്പെടുന്നവയുടെയും കാണാമറയത്തിരിക്കുന്നവയുടെയും കരുവായിരിക്കുന്ന, അകവും പുറവും തിങ്ങി വിങ്ങുന്ന മഹിമാവിന്റെ അന്തര്യാമിയായിരിക്കുന്ന പരംപൊരുളെന്തോ ആ പരംപൊരുളിന്റെ പൂർണപ്രതീകമാണ് അരുവിപ്പുറത്തെ 'നമ്മുടെ ശിവൻ!"

പ്രതിഷ്ഠകൾ

പറഞ്ഞത്

നമ്മൾ ഭാഗം വച്ചറിയുന്ന ദേവതകൾക്കു മേൽ നമുക്ക് ഭാഗിക്കാനാവാത്ത പരമസത്യത്തിന്റെ പൊരുളായി നിലകൊള്ളുന്ന വിഗ്രഹങ്ങളാണ് ഗുരു അരുവിപ്പുറം മുതൽ ഗോകർണം വരെയും പ്രതിഷ്ഠിച്ചത്. കളവങ്കോടത്തെ കണ്ണാടിയും,​ കാരമുക്കിലെ ദീപവും,​ ശിവഗിരിയിലെ ശാരദാംബയും,​ മുരുക്കുംപുഴയിലെ സത്യം, ധർമ്മം ദയ, ശാന്തിയും,​ ഉല്ലലയിലെ ഓങ്കാരവുമൊക്കെ ആ അദ്വൈതപ്പൊരുളിന്റെ മറയില്ലാത്ത വെളിപാടുകളാണ്.

ഗുരുവിരചിതമായ മുപ്പത്തിമൂന്നോളം സ്തോത്ര കാവ്യങ്ങളുടെ ഉള്ളിലിരുന്ന് തിളങ്ങുന്നതും ആ അനാദി സത്യമാണ്.

ചുരുക്കത്തിൽ,​ ഗുരുദേവന്റെ ബഹുമുഖകമലങ്ങളിൽ നിന്നെല്ലാം ഒഴുകിപ്പരന്നത് മാനവികതയിൽ നിന്ന് അകലാത്ത ദൈവികതയുടെയും,​ ദൈവികതയിൽ നിന്ന് അടരാത്ത മാനവികതയുടെയും ശുദ്ധതന്മാത്രകളാണ്. ഇതെല്ലാമാകട്ടെ,​ മനുഷ്യനുമേൽ മതത്തെയോ ദൈവത്തെയോ വിശ്വാസങ്ങളെയോ പ്രതിഷ്ഠിക്കുന്നതിനുപരി സർവതിനും മീതെ മനുഷ്യനെ ഉയർത്തുന്നതിനും ഉത്കൃഷ്ടനാക്കുന്നതിനും അവന്റെ ഒരുമയെ ബോദ്ധ്യപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്നു പറഞ്ഞത് മനുഷ്യരിലെ ആത്മസാഹോദര്യത്വം തിരിച്ചറിയാനാണ്.

മനുഷ്യൻ എന്ന

മഹാശൈലം

'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്നതിലും മതത്തേക്കാൾ പ്രധാനം മനുഷ്യനാണ്. ഒരുമയുടെ ആ പ്രകാശപ്രവാഹത്തിലാണ് ജീവിതത്തെ പുന:ക്രമീകരിക്കേണ്ടതും നവീകരിക്കേണ്ടതും. അങ്ങനെയുള്ള ഒരു നവലോകമാണ് 'സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" എന്ന സന്ദേശംകൊണ്ട് ഗുരുദേവൻ 1888-ൽ വിഭാവനം ചെയ്തത്. ഗുരുദേവന്റെ അനുപമവും അമേയവുമായ ആ മഹാസങ്കല്പം യാഥാർത്ഥ്യമാകണമെങ്കിൽ മനുഷ്യരെല്ലാവരും ആത്മസഹോദരരെന്ന ബോധം വരണം. അതിനാകട്ടെ,​ ഗുരുദേവൻ ഉദ്ബോധിപ്പിച്ച സത്യദർശനത്തിന്റെ വെളിച്ചത്തിൽ, ശാസ്ത്ര സാങ്കേതിക ഭൗതിക വിജ്ഞാനത്തെ പങ്കുവയ്ക്കുകയും അവയെ വിനിമയം ചെയ്യുകയും ഗുണപരമായി പ്രയോജനപ്പെടുത്തുകയും വേണം.

അതിനുള്ള ജീവിതഗന്ധികളായ എട്ടു പാഠങ്ങളാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരുദേവൻ മനുഷ്യരാശിക്കു നൽകിയത്. ഗുരുദേവൻ എണ്ണിപ്പറഞ്ഞ ആ ലക്ഷ്യങ്ങളായിരിക്കട്ടെ നമ്മുടെ ഏവരുടെയും ലോകോദ്ധാരണത്തിനുള്ള ധർമ്മഗീതം. ഗുരുദേവൻ മഹാപരിനിർവാണം പ്രാപിച്ചതിന്റെ ശതാബ്ദി ആചരണങ്ങൾ ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് രാഷ്ട്രപതി ശിവഗിരിയിൽ വന്ന് ഉദ്ഘാടനം ചെയ്ത പശ്ചാത്തല മഹിമയിലാണ് ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനത്തിൽ നാമേവരും പങ്കുകൊള്ളുന്നത്. ഗുരുദേവൻ ഇച്ഛിച്ചതും കല്പിച്ചതുമായ ഒരു ഏകലോക വ്യവസ്ഥിതി യാഥാർത്ഥ്യമാക്കുവാനുള്ള കരുവായും കരുത്തായും ഈ തീർത്ഥാടന കാലം മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു.