വീഴ്ചയിലും തളരാതെ ഋതുവർണയുടെ നടനം
Tuesday 30 December 2025 9:18 PM IST
കാസർകോട്: ആദ്യദിനത്തിൽ നാലാം വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിനിടെ തളർന്നുവീണിട്ടും വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച്.എസ്.എസിലെ കെ.ഋതുവർണ കലയെ കൈവിട്ടില്ല. വീണ്ടും വേദിയിലെത്തി എ ഗ്രേഡുമായി മടങ്ങിയ ഋതുവർണ ഇന്നലെ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സങ്കടം തീർത്തു.മൂന്ന് മണിക്കൂർ നേരത്തെ കാത്തിരിപ്പും വേദിയിലെ തറയുടെ കാഠിന്യവുമാണ് ആദ്യദിനത്തിൽ ഋതുവർണയെ തളർത്തിയത്. നാലാം വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന ഋതുവർണ മുൻവർഷങ്ങളിലും ശാസ്ത്രീയ നൃത്ത ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഡയരക്ട് മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അയ്യങ്കാവിലെ കെ.മനോജ് കുമാറിന്റെയും അനിലയുടെയും മകളാണ്. കാഞ്ഞങ്ങാട് ലയം കലാക്ഷേത്രത്തിലെ കലാമണ്ഡലം വനജാ രാജനാണ് ഗുരുനാഥ.