നേമത്ത് പരിഭ്രാന്തി പരത്തിയ ചുവപ്പ് അടയാളം എയർടെല്ലിന്റേത്
Wednesday 31 December 2025 1:24 AM IST
നേമം: നേമത്ത് വീടുകൾക്ക് മുന്നിലെ തൂണുകളിൽ പ്രത്യക്ഷപ്പെട്ട ചുവപ്പ് അടയാളത്തിന്റെ ഉറവിടം കണ്ടെത്തി പൊലീസ്. ടെലികോം കമ്പനിയായ എയർടെൽ നടത്തുന്ന സർവേയുടെ ഭാഗമായാണ് പോസ്റ്റുകളിൽ ഇത്തരത്തിൽ അടയാളമിട്ടത്. സി.സി ടി വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ എയർടെൽ ജീവനക്കാരെ കണ്ടെത്തി. തുടർന്ന് ജീവനക്കാരെ ബന്ധപ്പെട്ട് നേമം പൊലീസ് വ്യക്തത വരുത്തുകയായിരുന്നു.
സാധാരണ ഇത്തരം സർവേ നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിലും റസിഡന്റ്സ് അസോസിയേഷനുകളിലും അറിയിക്കാറുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ സർവേ ആരംഭിച്ച് ചുവപ്പ് അടയാളമിട്ടതാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. ഇതോടെ നേമം പൊലീസിൽ പരാതി പ്രളയമായി. സ്റ്റേഷൻ പരിധിയിൽ കോർപ്പറേഷൻ സോണൽ ഓഫീസ് ലെയ്ൻ,ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിൽ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലാണ് കഴിഞ്ഞ ദിവസം ചുവപ്പുനിറത്തിൽ അടയാളം കണ്ടെത്.