നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഉടൻ
പാലോട്: പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആനാട്,നന്ദിയോട് സമഗ്രകുടിവെള്ള പദ്ധതി രണ്ടുമാസത്തിനുള്ളിൽ ഭാഗികമായി കമ്മിഷൻ ചെയ്യും. രണ്ട് പഞ്ചായത്തുകളിലെയും 5000ത്തിലധികം വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. എൻ.ആർ.ഡി.ഡബ്ല്യു.പി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവിൽ ജലശുദ്ധീകരണശാല,കിണർ പമ്പ്ഹൗസ്,റാ വാട്ടർ പമ്പിംഗ്,മെയിൻ പൈപ്പ്‌ലൈൻ എന്നിവ പൂർത്തീകരിച്ചിരുന്നു.
രണ്ടാംഘട്ട പ്രവൃത്തികൾക്കായി സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി 16 കോടി ലഭിച്ചിരുന്നു. റാ വാട്ടർ പമ്പ് ചെയ്യാൻ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ,നിലവിലുള്ള ജലസംഭരണിയുടെ പുനരുദ്ധാരണം, പുതിയതായി 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയുടെ നിർമ്മാണം, ജലസംഭരണികളിലേക്ക് ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ,നന്ദിയോട് പഞ്ചായത്തിൽ 63 കിലോമീറ്റർ ദൈർഘ്യത്തിൽ ജലവിതരണശൃംഖല സ്ഥാപിക്കൽ എന്നിവയാണുണ്ടായിരുന്നത്. നിലവിൽ പ്രവൃത്തികളെല്ലാം പൂർത്തിയായി. ജലശുദ്ധീകരണശാലയിലും,റാവാട്ടർ പമ്പ് ഹൗസിലും വൈദ്യുത കണക്ഷൻ ലഭ്യമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. നിലവിൽ ആനാട്ട് 2405,നന്ദിയോട്ട് 2248 കുടുംബങ്ങൾക്കും പൈപ്പ് ലൈൻ കണക്ഷനുണ്ടെങ്കിലും ഇതുവഴി വെള്ളം ലഭ്യമായിട്ടില്ല.
മൂന്നാംഘട്ടത്തിൽ
എല്ലാവീട്ടിലും ശുദ്ധജലം
ഈ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ളമെത്തിക്കാൻ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 65.66 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആലുംകുഴിയിൽ 5.25 ലക്ഷം ലിറ്റർ,കൂപ്പിൽ 6.25 ലക്ഷം ലിറ്റർ,കൈതക്കാട് 1.7 ലക്ഷം ലിറ്റർ വീതം ശേഷിയുള്ള ഉപരിതല ജലസംഭരണികളുടെ നിർമ്മാണം, ജലസംഭരണികളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകൾ, പമ്പ് സെറ്റുകൾ,ട്രാൻസ്‌ഫോർമറുകൾ എന്നിവ ഇതിലുൾപ്പെടുന്നു. ആനക്കുഴിയിലെ ടാങ്ക് നിർമ്മാണം 90 ശതമാനത്തോളവും വഞ്ചൂവം കൂപ്പിൽ ഓവർ ഹെഡ് ടാങ്ക് നിർമ്മാണവും പൂർത്തിയായി.സ്റ്റോറേജ് പ്ലാന്റ്,എയർ ക്ലാരിയേറ്റർ,രണ്ട് ഫ്ളാഷ് മിക്സർ,ക്ലാരി ഫയർഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണവും പൂർത്തിയായി.