ഉജ്ജയിൻ മഹാകാല ക്ഷേത്രത്തിൽ ദർശനം നടത്തി,​ നടി നുസ്രത്ത് ഭറൂചയ്‌ക്കെതിരെ മതശാസനയുമായി പണ്ഡിതൻ

Tuesday 30 December 2025 9:43 PM IST

ബറേലി: പ്രശസ്‌തമായ ഉജ്ജയിൻ മഹാകാലേശ്വര ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തിയ ബോളിവുഡ് താരം നുസ്രത്ത് ഭറൂചയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഓൾ ഇന്ത്യ ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാനാ മുഫ്‌തി ഷഹാബുദ്ദീൻ റസ്‌വിയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. നുസ്രത്തിന്റെ പ്രവൃത്തി ശരിയത്ത് നിയമപ്രകാരം തെറ്റാണെന്നും ക്ഷേത്രത്തിൽ പോയി ആചാരപരമായ കാര്യങ്ങൾ ചെയ്‌തെന്നും വിഗ്രഹത്തിൽ അഭിഷേകം നടത്തിയെന്നും ഇതെല്ലാം മതനിയമങ്ങൾക്ക് എതിരാണെന്നും മുഫ്‌തി ഷഹാബുദ്ദീൻ ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിൽ അഭിഷേകം നടത്താനോ പൂജകൾ നടത്താനോ മുസ്ളീം മതവിശ്വാസിക്ക് അവകാശമില്ല. ദൈവത്തോട് ക്ഷമചോദിക്കണമെന്നും ഷഹാബുദ്ദീൻ ആവശ്യപ്പെട്ടു. ഏകാദശി ദിവസമായ ഇന്ന്‌ രാവിലെയാണ് നടി ക്ഷേത്രദർശനം നടത്തിയത്. വരും വർഷം ജീവിതത്തിൽ പ്രയാസങ്ങളകന്ന് നന്മ വരാൻ പ്രാർത്ഥനയുമായാണ് നടി ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്ര സമിതി നടിയ്‌ക്കും സംഘത്തിനും മികച്ച സ്വീകരണമാണ് നൽകിയത്. ഭസ്‌മ ആരതിയടക്കം നടത്തിയാണ് നുസ്രത്ത് മടങ്ങിയത്. മുൻപും നടി ഉജ്ജയിൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്.