ചൈനക്കാരനെന്ന പേരിൽ ത്രിപുര സ്വദേശി വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം, നടന്നത് വംശീയ അതിക്രമമല്ലെന്ന് പൊലീസ് വാദം
ന്യൂഡൽഹി: ചൈനക്കാരനെന്ന് അധിക്ഷേപിച്ച് ത്രിപുര സ്വദേശിയായ വിദ്യാർത്ഥിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അക്രമിസംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേട്ട്, എസ്.പി എന്നിവർക്ക് നോട്ടീസ് അയച്ചു. സന്നദ്ധസംഘടന സമർപ്പിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. മർദ്ദനവും കത്തിയുൾപ്പെടെ ഉപയോഗിച്ച് വെട്ടും കുത്തുമേറ്റ എം.ബി.എ വിദ്യാർത്ഥി അൻജേൽ ചക്മ (24) 26ന് ആശുപത്രിയിൽ മരിച്ചു. ഡെറാഡൂണിൽ പഠനത്തിനെത്തിയ അൻജേൽ ബി.എസ്.എഫ് ജവാന്റെ മകനാണ്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു.
പട്ടികവർഗ ദേശീയ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് അടക്കം നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നൽകണം. അതേസമയം, വംശീയ അതിക്രമമല്ലെന്ന നിലപാടിലാണ് ഉത്തരാഖണ്ഡ് പൊലീസ്. താൻ ചൈനക്കാരനല്ല, ഇന്ത്യൻ പൗരനാണെന്ന് അൻജേൽ ചക്മ ആവർത്തിച്ചു പറഞ്ഞിട്ടും അക്രമികൾ കൊടുംക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ കേസെടുക്കാൻ പൊലീസ് ആദ്യഘട്ടത്തിൽ തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അഞ്ച് പേരെ ഇതിനോടകം അറസ്റ്റുചെയ്തു. ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വംശീയ വിദ്വേഷ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന്റെ മറ്റിടങ്ങളിൽ സംരക്ഷണമൊരുക്കണമെന്ന് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി.