'ഏക്കറുകണക്കിന് ഭൂമി ബംഗ്ലാദേശികള്‍ കയ്യടക്കിയിരിക്കുന്നു, കുടിയൊഴിപ്പിക്കല്‍ ശക്തമാക്കും'

Tuesday 30 December 2025 10:13 PM IST

ഗുവാഹത്തി: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശികള്‍ വ്യാപകമായി ഭൂമി കയ്യടക്കി വച്ചിരിക്കുന്നു. ഇതുള്‍പ്പെടെയുള്ള കാരണങ്ങള്‍ നിരത്തിയാണ് അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ ഇനിയും തുടരുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ചില സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല.

അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ഖെറോണിയില്‍ ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഏക്കറുകണക്കിന് ഭൂമിയില്‍ കുടിയേറിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ നിരാഹാരസമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്ന നടപടി ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് അസം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കര്‍ബി എന്ന ഗോത്രവര്‍ഗ്ഗത്തിന് അവകാശപ്പെട്ടതാണ് കര്‍ബി ആംഗ്ലോങ് ജില്ലയിലെ പ്രദേശങ്ങള്‍ മുഴുവനും. എന്നാല്‍ ഇവിടെ അനധികൃതമായി പുറത്ത് നിന്നുള്ളവര്‍ കുടിയേറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതില്‍ നല്ലൊരു പങ്കും. ഈ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കല്‍ കര്‍ശനമാക്കുന്നത്.