വാക്കുതർക്കം : ഒരാൾക്ക് കുത്തേറ്റു
മുഹമ്മ: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ പുത്തൻവെളി വീട്ടിൽ പങ്കജാക്ഷനാണ് (65) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി പുഴാരത്തു ജിഷ്ണു നാരായണ (25)നെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രി 10 മണിയോടെ കഞ്ഞിക്കുഴി കുപ്പിക്കവല -വനസ്വർഗ്ഗം റോഡിൽ ഗംഗ വായനശാലയ്ക്കു സമീപമായിരുന്നുസംഭവം. കുത്തേറ്റ പങ്കജാക്ഷൻ അടുത്ത വീട്ടിൽ ഓടിക്കയറി. വീട്ടുകാർ തൊട്ടടുത്തുള്ള കാരിക്കുഴി ഭജനമഠത്തിലെ മണ്ഡലഭജന സമർപ്പണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ മാരാരിക്കുളംഎസ്.ഐ രംഗപ്രസാദ്, ഹോംഗാർഡ് ജനാർദ്ദനൻ , ഡ്രൈവർ സൈൻ എസ്. ദേവ് എന്നിവർ സംഭവ സ്ഥലത്ത് എത്തി പൊലീസ് വാഹനത്തിൽ ചേർത്തല ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി .