മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്തുചാടി, തിരികെക്കയറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻകുരങ്ങ് കൂടിന് പുറത്തേക്ക് ചാടി. മണിക്കൂറുകൾക്കു ശേഷം വീണ്ടും കൂട്ടിലേക്ക് തിരികെക്കയറ്റി. ചൊവ്വാഴ്ച രാവിലെ 9 ഓടെയായിരുന്നു സംഭവം.
27 വയസുള്ള പെൺകുരങ്ങാണ് ചാടിയത്. ഓപ്പൺ കൂട്ടിലായിരുന്ന സിംഹവാലൻ കുരങ്ങ്, മരച്ചില്ലകൾ വളർന്ന് പൊങ്ങിയതിനാൽ സമീപം നിന്ന മരത്തിലേക്ക് ചാടി പുറത്തേക്ക് കടക്കുകയായിരുന്നു. ഏറെനേരം കോമ്പൗണ്ടിലെ മരക്കൊമ്പിൽ ഇരുന്നു. കീപ്പർമാരും മറ്റും ഏറെനേരം ശ്രമിച്ചിട്ടും തിരികെ എത്തിക്കാനായില്ല.
ഒടുവിൽ ഏകദേശം 11ഓടെ വിശന്ന കുരങ്ങ് തിരികെ കൂടിന് സമീപമെത്തി. തുടർന്ന് കീപ്പർമാർ ഭക്ഷണം നൽകി തന്ത്രപൂർവം കൂട്ടിലേക്ക് കയറ്റുകയായിരുന്നു. കുരങ്ങ് ചാടിയതോടെ ടിക്കറ്റ് കൗണ്ടറും കുറെ നേരത്തേക്ക് അടച്ചിരുന്നു. ടിക്കറ്റ് കൗണ്ടറിന് സമീപത്തുള്ള തുറസായ കൂടുകളിലാണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. നേരത്തെ മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത് വലിയ വാർത്തയായിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷമാണ് കുരങ്ങിനെ പിടികൂടാനായത്. മൂന്ന് ആൺകുരങ്ങും മൂന്ന് പെൺകുരങ്ങും അടക്കം ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിലുള്ളത്.