മയക്കുമരുന്ന് നൽകി പീഡനം: രണ്ടു പേർ കൂടി പിടിയിൽ
കോഴിക്കോട്: പതിനാറുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കാസർകോട് നകർജെ സ്വദേശികളായ മുഹമ്മദ് ഷമീം(19), മുഹമ്മദ് റയീസ്(18) എന്നിവരാണ് അറസ്റ്റിലായത്. പുതുപ്പാടി ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ്(45), വരുവിൻകാലയിൽ ഷബീർ അലി(41) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവർ നാലായി. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെരിന്തൽമണ്ണ സ്വദേശിനിയായ 16കാരിയാണ് പീഡനത്തിനിരയായത്. ഡിസം. 20നാണ് വീട് വിട്ടിറങ്ങിയത്. ബസിലാണ് പെൺകുട്ടി കോഴിക്കോട്ടെത്തിയത്. 21ന് പുലർച്ചെ രണ്ടിന് കോഴിക്കോട് ബീച്ചിൽ വച്ച് പെൺകുട്ടിയെ കണ്ട കാസർകോട് സ്വദേശികൾ പന്തീരാങ്കാവിലെ ഇവരുടെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. താമസ സൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. തുടർന്നായിരുന്നു പീഡനം. തുടർന്ന് 22ന് അർദ്ധരാത്രിയോടെ ജീപ്പിൽ കോഴിക്കോട് ബീച്ചിൽ കൊണ്ടുവന്നു വിട്ടു. നാലായിരം രൂപയും നൽകി. അവശ നിലയിലായ പെൺകുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. വെള്ളയിൽ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഫ്ളാറ്റിലേക്ക് കൊണ്ടുപോകും മുമ്പ് യുവാക്കളിൽ ഒരാളുടെ ഫോൺ നമ്പർ പെൺകുട്ടിക്ക് എഴുതിക്കൊടുത്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.