'ടി.പി കേസ് പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത",​ പരോളിൽ വിമർശനവുമായി ഹൈക്കോടതി

Wednesday 31 December 2025 2:17 AM IST

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും അവർക്ക് ലഭിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്നും ഹൈക്കോടതി. 12-ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത, ഭർത്താവിന് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ കടുത്ത വിമർശനം.

ജ്യോതിബാബുവിന്റെ പിതാവിന്റെ സഹോദരന്റെ മകൻ ഡിസംബർ 28ന് മരിച്ചെന്നും മരണാനന്തര കർമ്മങ്ങൾക്കായി അടിയന്തര പരോൾ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. മരിച്ചയാളുമായി പ്രതിക്ക് അടുത്ത ബന്ധമില്ലെന്നും പരോൾ അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഹർജിയിൽ ടി.പി വധക്കേസിലെ പ്രതിയാണെന്ന് പ്രത്യേകം പരാമർശിക്കാത്തതിനെയും കോടതി വിമർശിച്ചു. ''ഇതല്ല ശരിയായ രീതി. നിവേദനം പരിഗണിക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിക്കില്ല. അത്തരമൊരു നിർദ്ദേശം കൊടുത്താൽ അപ്പോൾ തന്നെ അനുവദിക്കും. നിങ്ങൾക്ക് വലിയ സ്വാധീനമുണ്ട്"- കോടതി പറഞ്ഞു. തുടർന്നാണ് ഇവർക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ചത്. ഹർജി തിങ്കളാഴ്ചയും പ്രത്യേക അപേക്ഷ നൽകി കോടതിയുടെ പരിഗണനയ്‌ക്ക് എത്തിച്ചിരുന്നു. ടി.പി. വധക്കേസിൽ ജ്യോതിബാബുവിനെ വിചാരണക്കോടതി വെറുതേ വിട്ടിരുന്നു. ഹൈക്കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.