വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
Wednesday 31 December 2025 2:25 AM IST
കൊടുങ്ങല്ലൂർ : ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടറാണ് (51) അറസ്റ്റിലായത്. കഴിഞ്ഞ പതിനെട്ടിനായിരുന്നു സംഭവം. എടവിലങ്ങ് ചന്തയ്ക്ക് സമീപം കൊക്കുവായിൽ വിജിക്ക് (50) നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ വിജിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞും മറ്റും ഗുരുതരമായി പരിക്കേറ്റു.
വിക്ടറും വിജിയും കുവൈറ്റിൽ ജോലി ചെയ്തിരുന്ന സമയത്ത് ചേർന്ന ചിട്ടിയിലെ പണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ.അരുൺ, എസ്.ഐ കെ.ജി.സജിൽ, സെബി, ജി.എസ് സി.പി.ഒ ഷെമീർ, സി.പി.ഒ അബീഷ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.