ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു
ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഗാർമെന്റ് ഫാക്ടറിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായ ബജേന്ദ്ര ബിശ്വാസിനെ (40) സഹപ്രവർത്തകൻ വെടിവെച്ചു കൊല്ലുകയായിരുന്നു. സുൽത്താന സ്വെറ്റേഴ്‌സ് ലിമിറ്റഡ് എന്ന വസ്ത്ര നിർമ്മാണ ശാലയിലാണ് സംഭവം. നോമാൻ മിയ (29) എന്നയാളാണ് വെടിയുതിർത്തത്. രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു യുവാവാണ് ബജേന്ദ്ര.
ബജേന്ദ്ര ബിശ്വാസുമായി സംസാരിച്ചിരിക്കെ നോമാൻ മിയ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 'ഞാൻ വെടിവെക്കട്ടെ?' എന്ന് ചോദിച്ച ശേഷമാണ് വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
തുടയിൽ ഗുരുതരമായി പരിക്കേറ്റ ബജേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട നോമാൻ മിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നതതല അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
തുടർച്ചയായ ആക്രമണങ്ങൾ
18ന് മൈമെൻസിംഗിൽ തന്നെ ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ചു ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ രാജ്ബാരിയിൽ അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദു യുവാവും കൊല്ലപ്പെട്ടു.ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
അൻസാർ
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു യൂണിഫോംഡ് സഹായ സേനയാണ് അൻസാർ. സർക്കാർ ഓഫീസുകൾ, ഫാക്ടറികൾ, മറ്റ് സുപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കായി ഇവരെ വിന്യസിക്കാറുണ്ട്.